ഇനിമുതൽ താര സിനിമകൾ ലാഭവും നഷ്ടവും പങ്കിടണം; പുതിയ വ്യവസ്ഥകൾ കൈകൊണ്ട് ടിഎഫ്‌പിസി

','

' ); } ?>

ഇനി മുതല്‍ ഉയര്‍ന്ന ബജറ്റിലുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ വരുമാനം പങ്കുവെക്കുന്ന രീതി പിന്തുടരുമെന്നറിയിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. തിയേറ്റർ, ഒടിടി, സാറ്റലൈറ്റ് എന്നീ മേഖലകളിൽ നിന്നുള്ള വരുമാനം കുറയുന്നതിലുള്ള ആശങ്കകൾക്കിടയിലാണ് ഈ തീരുമാനം. പുതിയ തീരുമാനമനുസരിച്ച് പ്രമുഖ നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും നിര്‍മ്മാതാക്കളോടൊപ്പം ലാഭവും നഷ്ടവും പങ്കിടേണ്ടി വരും.ഞായറാഴ്ച നടന്ന പൊതു യോഗത്തിലാണ് ടിഎഫ്‌പിസിയുടെ പുതിയ തീരുമാനങ്ങൾ.

രജനികാന്ത്, കമൽഹാസൻ, വിജയ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് എട്ടാഴ്ചത്തെ ഇടവേള പാലിക്കണമെന്ന് ടിഎഫ്‌പിസി നിർബന്ധമാക്കിയിട്ടുണ്ട്. ഇടത്തരം ചെലവിൽ ഒരുക്കിയ സിനിമകൾ ആറാഴ്‌ചയ്ക്ക് ശേഷവും ചെറിയ ബഡ്‌ജറ്റിലുള്ള സിനിമകൾക്ക് നാലാഴ്ചയ്ക്ക് ശേഷവും ഒടിടിയിൽ റിലീസ് ചെയ്യാം.

വർഷം തോറും പുറത്തിറങ്ങുന്ന 250 ഓളം ചെറുകിട-ഇടത്തരം സിനിമകൾക്ക് തിയേറ്ററുകളിൽ ശരിയായ പ്രദർശനസൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ തിയേറ്റർ ഉടമകളുടെയും വിതരണക്കാരുടെ സംഘടനയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ഫിലിം റിലീസ് റെഗുലേഷൻ കമ്മിറ്റി രൂപം നൽകുവാനും നിർദേശമുണ്ട്. ചെറിയ സിനിമകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടിഎഫ്‌പിസി പ്രസ്താവിച്ചു. തിയേറ്റർ വരുമാനം സംരക്ഷിക്കുക, തമിഴ് സിനിമയിലെ മാറിക്കൊണ്ടിരിക്കുന്ന താൽപര്യങ്ങളുമായി പൊരുത്തപ്പെടുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വെബ് കണ്ടന്റുകള്‍ അമിത പ്രാധാന്യം നല്‍കുന്നത് സിനിമകളോട് ആളുകള്‍ക്കുള്ള താല്‍പര്യം കുറയ്ക്കുന്നുണ്ടെന്നും അതിനാല്‍ ഡിജിറ്റല്‍ പ്രൊജക്ടിനേക്കാള്‍ സിനിമകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നടന്മാരോടും സംവിധായകരോടും സാങ്കേതിക പ്രവര്‍ത്തകരോടും കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഈ പ്രമേയം ലംഘിക്കുന്നവര്‍ക്ക് കൗണ്‍സിലിന്റെ ഭാഗത്തുനിന്നുള്ള സഹകരണം ഉണ്ടാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിനിമാനിരൂപണം എന്ന പേരില്‍ അതിരുകടക്കുന്ന യൂട്യൂബ് ചാനലുകള്‍ക്ക് നേരെ ആവശ്യമായ നിയമനടപടികള്‍ എടുക്കാനും യോഗത്തില്‍ തീരുമാനമുണ്ട്.

ഇനിമുതൽ അവാർഡ് ദാന ചടങ്ങുകളോ സംഗീത പരിപാടികളോ നടത്താൻ ഉദ്ദേശിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ ടിഎഫ്‌പിസിയുടെയും സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ്റെയും മുൻകൂർ അനുമതി വാങ്ങണം. അനുമതി നേടാതെ നടത്തുന്ന പരിപാടികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.സർക്കാർ സ്ഥലങ്ങളിലെ ഷൂട്ടിംഗിനായി കാര്യക്ഷമമാക്കിയ ഏകജാലക അനുമതി സംവിധാനം, കുറഞ്ഞ പ്രാദേശിക സേവന നികുതി, സിനിമാ വ്യവസായത്തിലെ തൊഴിലാളികൾക്ക് താമസിക്കാൻ ഭൂമി അനുവദിക്കൽ തുടങ്ങിയ ഇളവുകൾക്ക് ടിഎഫ്‌പിസി തമിഴ്‌നാട് സർക്കാരിനോട് നന്ദി രേഖപ്പെടുത്തി.