
നടി പ്രവീണയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി. രാമകൃഷ്ണൻ. ‘കൊച്ചേട്ടൻ്റെ അനുജനല്ലെ’ എന്നു ചോദിച്ചാണ് പ്രവീണ തന്നെ വന്നു പരിചയപ്പെട്ടതെന്നും, വിശേഷങ്ങൾ പങ്കുവെച്ച പ്രവീണ പൊട്ടിക്കരഞ്ഞുവെന്നും രാമകൃഷ്ണൻ പറഞ്ഞു.
“ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് നടി പ്രവീണയെ കണ്ടത്. കണ്ടമാത്രയിൽ ഒരുപാട് നാളത്തെ പരിചയത്തോടെ എന്നെ വന്ന് കെട്ടിപ്പിടിച്ചു. എൻ്റെ കൊച്ചേട്ടന്റെ അനുജനല്ലേ എന്ന് പറഞ്ഞ്. അതെ… വർഷങ്ങൾക്ക് മുമ്പ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. എന്ന ചിത്രത്തിൽ മണി ചേട്ടൻ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തിൻ് സഹോദരി വാസന്തിയെ അവിസ്മരണീയമാക്കിയ പ്രവീണ ഒരുപാട് വിശേഷങ്ങൾ പങ്കുവച്ചു. കുറേ സങ്കടപ്പെട്ടു കരഞ്ഞു. ഒടുവിൽ വീണ്ടും കാണാം എന്ന് പറഞ്ഞ് കൊച്ചേട്ടന്റെ വാസന്തി യാത്രയായി… വാസന്ത്യേ…. എന്ന വിളി വെറുതെ അഭിനയിക്കാൻ വേണ്ടി മാത്രം വിളിച്ചതായിരുന്നതല്ല….ആ… ഉൾവിളി അവരിൽ ഇപ്പോഴും ഉണ്ട്… അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവർ നെഞ്ചേറ്റിയിട്ടുണ്ട്.’’–രാമ കൃഷ്ണൻ കുറിച്ചു.