
യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് വകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സമീർ താഹിർ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ലെന്നതാണ് കുറ്റപത്രത്തിൽ പറയുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സംവിധായകർ എക്സൈസ് വകുപ്പിന്റെ പിടിയിലായത്. ഫ്ലാറ്റിൽ ലഹരി ഉപയോഗം സമീർ താഹിറിന്റെ അറിവോടെയായിരുന്നുവെന്ന് എക്സൈസ് വ്യക്തമാക്കുന്നു. സമീർ താഹിറിന്റെ പേരിലുള്ള ഫ്ലാറ്റ് ഏഴു വർഷം മുമ്പ് വാടകയ്ക്ക് എടുത്തതാണെന്നും ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ലഹരി എത്തിച്ചതോ ഉപയോഗിച്ചതോ തനിക്ക് അറിവില്ലെന്നുമാണ് സമീർ താഹിറിന്റെ മൊഴി. പുലർച്ചെ രണ്ടു മണിയോടെ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരടക്കം മൂന്നു പേർ പിടിയിലാകുന്നത്. പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയക്കുകയായിരുന്നു.
എന്‍ഡിപിഎസ് സെക്ഷന്‍ 25 പ്രകാരമാണ് സമീര്‍ താഹിറിനെതിരെ കേസെടുത്തിട്ടുണ്ടായിരുന്നത്. ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.