
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സ്ത്രീപക്ഷസിനിമകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് തുറന്നടിച്ച് സംവിധായിക ശ്രുതി ശരണ്യം. കാൻ, സോള്‍ പോലുള്ള ചലച്ചിത്രമേളകളിൽ തരംഗം സൃഷ്ടിച്ച ചരിത്രപരമായ സ്ത്രീപക്ഷ സിനിമകൾ തഴയപ്പെട്ടുവെന്നും,
ലൈംഗിക കുറ്റവാളികളെപ്പോലും യാതൊരു മടിയുമില്ലാതെ ആഘോഷിക്കുകയാണെന്നും ശ്രുതി കുറ്റപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ‘കേരള സ്റ്റേറ്റ് മസ്ലിൻ അവാർഡുകൾ’ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര മത്സരത്തിനെത്തിയവയിൽ പത്തുശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീപക്ഷ സിനിമകൾ എന്ന് ജൂറി ചെയർമാൻ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും, ഇതിനോടകം പല ബഹുമതികളും തൂത്തുവാരിയ ഒരു നായികാ പ്രാധാന്യമുള്ള സിനിമയ്ക്ക് പുരസ്കാരങ്ങൾ വാരിക്കോരി നൽകുകയാണ് ജൂറി ചെയ്തത്. അതും പോരാതെ, സ്ഥിരം ലൈംഗിക കുറ്റവാളികളെപ്പോലും യാതൊരു മടിയുമില്ലാതെ ആഘോഷിക്കുന്നു. ബഹുമാന്യ’ ജൂറിക്ക് ‘ആൺനോട്ടം’ എന്ന ആശയം എന്താണെന്ന് മനസ്സിലാക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ലെന്ന് വ്യക്തം. അതേസമയം, കാനിലും സോളിലും അടക്കമുള്ള അന്താരാഷ്ട്രവേദികളിൽ തരംഗം സൃഷ്ടിച്ച, ചരിത്രപരമായ സ്ത്രീപക്ഷ സിനിമകൾ സൗകര്യപൂർവ്വം തഴയപ്പെട്ടു. അവൻ്റെ സിനിമ… അവൻ്റെ അവാർഡ്… അവൻ്റെ നോട്ടം.” ശ്രുതി കുറിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്തിനു പിന്നാലെ ബാലതാരത്തിനുള്ള പുരസ്കാരം ആർക്കും നൽകിയിരുന്നില്ല എന്നത് വിവാദത്തിനു തിരി കൊളുത്തിയിരുന്നു. വേടന് മികച്ച ഗാനരചയിതാവായി പുരസ്കാരം നൽകിയതും വിവാദമായി. ജോയ് മാത്യു, ദീദി ദാമോദരൻ, കെ പി വ്യാസൻ തുടങ്ങിയവർ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ലൈംഗികപീഡനം ഉൾപ്പടെയുള്ള കേസുകൾ വേടന് എതിരെ നിലനിൽക്കുമ്പോൾ സംസ്ഥാന ബഹുമതി നൽകുന്നത് ഉചിതമല്ലെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം. അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ നിർമ്മാതാവും സംവിധായകനുമായ കെ.പി. വ്യാസൻ വേടനെതിരെ രംഗത്ത് വന്നിരുന്നു. വേടൻ്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ എന്തുമാത്രം ബഹളമുണ്ടാകുമായിരുന്നെന്നും, ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയിൽ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ വിട്ടയക്കുകയായിരുന്നു. ഗവേഷകവിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിലും വേടൻ പ്രതിയാണ്. നേരത്തേ, വേടനെതിരേ മീറ്റൂ ആരോപണവുമുണ്ടായിരുന്നു. അന്ന് വേടൻ മാപ്പ് പറഞ്ഞിരുന്നു. കഞ്ചാവ് കണ്ടെടുത്ത കേസിലും പുലിനഖം കൈവശംവെച്ച കേസിലും വേദന പ്രതിയാണ്. ഇത്തരം ആരോപണം നേരിടുന്നവർക്ക് അവാർഡ് നൽകുന്നതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
മഞ്ഞുമ്മൽ ബോയ്സി’ലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന റാപ്പിനാണ് വേടന് അവാർഡ് ലഭിച്ചത്. ജൂറി അധ്യക്ഷനായിരുന്ന പ്രകാശ് രാജിന്റെ ഉറച്ച നിലപാടാണ് അവാർഡ് നിർണയത്തിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. വ്യവസ്ഥാപിത എഴുത്തുരീതികളെ അതിലംഘിക്കുന്ന വേടൻ്റെ പാട്ടിനെ അംഗീകരിക്കണമെന്ന പ്രകാശ് രാജിൻ്റെ നിർദേശത്തെ എതിർപ്പുകൾക്കിടയിലും ജൂറിയിൽ ചിലർ പിന്താങ്ങുകയായിരുന്നു. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് അവാർഡ് എന്നായിരുന്നു വേടൻ്റെ പ്രതികരണം. യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്”-മികച്ച ഗാനരചയിതാവായി വേടനെ പരിഗണിച്ചതിനെക്കുറിച്ച് ജൂറി ചെയര്മാന് പ്രകാശ് രാജ് വിശദീകരിച്ചതിങ്ങനെയാണ്.