മലയാളത്തിന്റെ എവർ ഗ്രീൻ ചോക്കലേറ്റ് ഹീറോ : ചാക്കോച്ചന് ജന്മദിനാശംസകൾ

','

' ); } ?>

 

മലയാള സിനിമയുടെ മുഖച്ചായ തന്നെ മാറ്റിയെഴുതിയ ഒരു നിർമ്മാതാവ്. അതിലുപരി മികച്ച സംവിധായകൻ. കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോയായ ഉദയ സ്റ്റുഡിയോയുടെ അമരക്കാരൻ “ബോബൻ കുഞ്ചാക്കോ”. ചലച്ചിത്രമേഖലയിൽ പാരമ്പര്യം കൊണ്ടും, കലാപരമായും ഏറെ തിളങ്ങി നിന്ന കുഞ്ചാക്കോ കുടുംബം. അദ്ദേഹം മലയാള സിനിമക്ക് സംഭാവന ചെയ്ത ഏറ്റവും മഹത്തായ സംഭാവന സിനിമയെക്കാളുപരി അയാളുടെ മകൻ തന്നെയാണ്. മലയാളത്തിന്റെ എവർ ഗ്രീൻ ചോക്കലേറ്റ് ഹീറോ” കുഞ്ചാക്കോ ബോബൻ”

വർഷം 1997 ഫാസിലിന്റെ സംവിധാനത്തിൽ മലയാളത്തിൽ പുറത്തിറങ്ങുന്ന “അനിയത്തിപ്രാവന്ന” ചിത്രം. അന്ന് പ്രേക്ഷകരൊക്കെയും ആ ചിത്രത്തെ ആകാംക്ഷാ പൂർവ്വം കാത്തിരുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട മാമാട്ടി കുട്ടി ശാലിനിക്ക് വേണ്ടിയായിരുന്നു. ബേബി ശാലിനിയിൽ നിന്നും ശാലിനിയിലേക്കുള്ള പരിണാമം കാണാൻ വേണ്ടിയിട്ടായിരുന്നു. ശാലിനിയുടെ ആദ്യ നായികാ വേഷം. എന്നാൽ ചിത്രമിറങ്ങിയതിനു ശേഷം ചിത്രത്തിലെ നായകനെയും മലയാള സിനിമയും പ്രേക്ഷകരും ഏറ്റെടുത്തു. അയാളുടെ റൊമാന്റിക് ഹീറോ പരിവേഷം ചലച്ചിത്രത്തിനപ്പുറത്തേക്ക് ഒരുപറ്റം ആരാധികമാരുടെ ഹൃദയങ്ങളിലേക്ക് കൂടേറി. പിൽക്കാലത്ത് മലയാള സിനിമയുടെ ഏറ്റവും വിലപിടിപ്പുള്ള നായകനായി അയാൾ മാറി. വെസ്റ്റേൺ ഡാൻസുകൾ മലയാളിക്ക് അത്ര കണ്ട് വഴങ്ങാത്ത കാലത്തും തന്റെ ചടുലമായനൃത്ത ചുവടുകൾ കൊണ്ട് അയാൾ പ്രേക്ഷകരെ അമ്പരിപ്പിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട നായകൻ ” കുഞ്ചോക്കാ ബോബന്” സെല്ലുലോയിഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

അനിയത്തി പ്രാവിന് ശേഷം ശാലിനി കുഞ്ചോക്കാ ബോബൻ പ്രണയ ജോടികൾ തരംഗമായി. എക്കാലത്തെയും മികച്ച പ്രണയ ജോഡികളായി മാറി. ഗോസിപ്പുകളും വാർത്തകളും നിരന്തരം അച്ചടിച്ചു വന്നു കൊണ്ടിരുന്നു. എന്നാൽ വെള്ളിത്തിരയിലെ തീവ്രമായ അനുരാഗത്തിനപ്പുറത്തേക്ക് ഹൃദയം കൊണ്ട് മനസ്സിലാക്കി അവരെന്നും നല്ല സുഹൃത്തുക്കളാണെന്ന് കാലം കൊണ്ട് തെളിയിച്ചു. ഓട്ടോ ഗ്രാഫ് വാങ്ങാനെത്തിയ പാമ്പിൻ പൊട്ടുള്ള പ്രിയ എന്ന പെൺകുട്ടിയുടെ കണ്ണിലുടക്കി ചാക്കോച്ചൻ പ്രണയം കണ്ടെത്തിയപ്പോൾ. ഭാഷാ ഭേദമന്യേ പെൺകുട്ടികളുടെ ഹൃദയം കീഴടക്കിയ തമിഴിന്റെ സ്വന്തം അജിത് കുമാറിനോട് പ്രണയം പറഞ് ശാലിനിയും പുതിയ ജീവിതം സ്വന്തമാക്കി. പ്രേം പൂജാരി, അനിയത്തി പ്രാവ്, നക്ഷത്ര താരാട്ട്, നിറം. തുടങ്ങി ഹിറ്റ് സിനിമകളുടെ ഒരു നീണ്ട നിര തന്നെ ഈ കൊമ്പോ നമുക്ക് നൽകി.

അനിയത്തിപ്രാവിന് ശേഷം കുഞ്ചാക്കോയുടെ “നക്ഷത്രതാരാട്ട്” പ്രതീക്ഷിച്ച വിജയം നേടാതിരുന്നുവെങ്കിലും, “നിറം” (കമൽ സംവിധാനം) വൻ വാണിജ്യവിജയം നേടി. ഈ ചിത്രത്തിലൂടെ കുഞ്ചാക്കോയുടെ യുവപ്രണയ നായക ഇമേജ് ഉറപ്പിച്ചു. തുടര്‍ന്ന് “സ്വപ്നക്കൂട്”, “കസ്തൂരിമാൻ”, “നരേന്ദ്രൻ മകൻ ജയകാന്തൻ വക”, “ദോസ്ത്” തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തെ ജനപ്രിയതയുടെ ഉന്നതിയിലേക്കെത്തിച്ചു.2004-ൽ പുറത്തിറങ്ങിയ “ഈ സ്നേഹതീരത്ത്” എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നേടി കൊടുത്തു. 2005-ൽ വിവാഹിതനായതിനെ തുടർന്ന് കുഞ്ചാക്കോ കുറച്ചു കാലം സിനിമയിൽനിന്ന് വിട്ടുനിന്നു. ആ കാലഘട്ടത്തിൽ അദ്ദേഹം റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് തിരിഞ്ഞു. 2006-ൽ “കിലുക്കം കിലു കിലുക്കം” എന്ന ചിത്രത്തിലൂടെ താൽക്കാലികമായി അഭിനയിച്ചെങ്കിലും, 2007-ൽ അദ്ദേഹം പൂർണ്ണമായി സിനിമയിൽനിന്ന് പിന്മാറി.

എന്നാൽ പ്രേക്ഷകർ അദ്ദേഹത്തെ മറന്നില്ല. 2008-ൽ ഷാഫി സംവിധാനം ചെയ്ത “ലോലിപോപ്പ്” എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബന്റെ ശക്തമായ തിരിച്ചുവരവ്. തുടർന്ന് 2010-ൽ “എൽസമ്മ എന്ന ആൺകുട്ടി” എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം അദ്ദേഹത്തെ വീണ്ടും പ്രേക്ഷകഹൃദയങ്ങളിൽ തിരിച്ചെത്തിച്ചു. 2011 മുതൽ കുഞ്ചാക്കോയുടെ കരിയർ പുതുജീവനം നേടി. “ട്രാഫിക്”, “സീനിയേഴ്സ്”, “ത്രീ കിംഗ്സ്”, “ഓർഡിനറി”, “മല്ലൂസിംഗ്” തുടങ്ങിയ ചിത്രങ്ങൾ വൻ വിജയങ്ങൾ നേടി.

‘ട്രാഫിക്’ എന്ന സിനിമയിലൂടെ കുഞ്ചാക്കോ തന്റെ പ്രണയനടന്റെ ഇമേജിൽനിന്ന് പുറത്തേക്ക് കടന്നു – വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള നടനായി മാറി.തുടർന്ന് അദ്ദേഹം “ടേക്ക് ഓഫ്” (2017) എന്ന സിനിമയിലൂടെ മികച്ച അഭിനേതാവെന്ന നിലയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.ഈ ചിത്രം അന്തർദേശീയ തലത്തിലും മലയാള സിനിമയുടെ മുഖം ഉയർത്തിയതാണ്.“രാമന്റെ ഏദൻ തോട്ടം”, “വർണ്യത്തിൽ ആശങ്ക” എന്നിവയും അദ്ദേഹത്തിന് വിമർശക പ്രശംസ നേടി കൊടുത്തു. 2016-ൽ കുഞ്ചാക്കോ തന്റെ കുടുംബ പാരമ്പര്യമായ ഉദയ പിക്ചേഴ്സ് നവീകരിച്ച് നിർമ്മാണ രംഗത്തേക്ക് തിരിച്ചെത്തി.

തന്റെ നിർമ്മാണ സംരംഭമായ “ഉദയ പിക്ചേഴ്സ്” വഴി “കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ” എന്ന ചിത്രത്തിലൂടെ അദ്ദേഹം നിർമ്മാതാവായും വിജയിച്ചു. ഇതിലൂടെ കുഞ്ചാക്കോ തന്റെ കുടുംബത്തിന്റെ ചലച്ചിത്ര പാരമ്പര്യം പുതിയ തലമുറയിലേക്ക് കൊണ്ടുപോയി.2018-ൽ “ശിക്കാരി ശംഭു”, “പഞ്ചവർണ്ണതത്ത” തുടങ്ങിയ കുടുംബചിത്രങ്ങളിൽനിന്ന് തുടങ്ങി 2019-ലെ “വൈറസ്” എന്ന മെഡിക്കൽ ത്രില്ലറിൽ വരെ, കുഞ്ചാക്കോ തന്റെ വൈവിധ്യമാർന്ന അഭിനയശേഷി തെളിയിച്ചു.

2020-ലെ “അഞ്ചാം പാതിര” മലയാള സിനിമയുടെ പുതിയ ത്രില്ലർ കാലഘട്ടത്തിന്റെ ആരംഭമായിരുന്നു.അദ്ദേഹം അവതരിപ്പിച്ച അൻവർ ഹുസൈൻ എന്ന സൈക്കോളജിസ്റ്റ് കഥാപാത്രം കുഞ്ചാക്കോയുടെ കരിയറിലെ മൈൽസ്റ്റോൺ ആയി.”നായാട്ട്” (2021) എന്ന രാഷ്ട്രീയ ത്രില്ലറിൽ അദ്ദേഹത്തിന്റെ പ്രകടനം നിരൂപക പ്രശംസ നേടി. അതേ വർഷം “മോഹൻ കുമാർ ഫാൻസ്” എന്ന ചിത്രത്തിലെ ഹാസ്യവും വികാരവും നിറഞ്ഞ അവതരണം അദ്ദേഹത്തിന്റെ വൈവിധ്യം വീണ്ടും തെളിയിച്ചു. 2022-ൽ പുറത്തിറങ്ങിയ“ന്നാ താൻ കേസ് കൊട്”യും കുഞ്ചാക്കോയുടെ കരിയറിലെ മറ്റൊരു ഉയർച്ചയായിരുന്നു.

സാമൂഹിക വിഷയങ്ങൾ പ്രമേയമാക്കിയ ഈ ചിത്രങ്ങൾ അദ്ദേഹത്തെ ഒരു സാമൂഹികമായി ബോധമുള്ള കലാകാരനായി പ്രേക്ഷകർ മുന്നിൽ നിർത്തി.ഈ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് അദ്ദേഹം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി.

2023-ലെ “2018” എന്ന മലയാള ബ്ലോക്ക്ബസ്റ്ററിൽ അദ്ദേഹത്തിന്റെ പ്രകടനം വീണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറി. കേരള വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ആ ചിത്രത്തിൽ കുഞ്ചാക്കോയുടെ പ്രകടനം കരുത്തുറ്റതും നിസ്സാരതകളില്ലാത്തതുമായിരുന്നുവെന്ന് നിരൂപകർ വിലയിരുത്തി. തുടർന്ന് വന്ന ഓഫീസർ ഓൺ ഡ്യൂട്ടി അദ്ദേഹത്തിന്റെ കരിയറിലെ മൈൽ സ്റ്റോൺ എന്ന് തന്നെ വിശേഷിപ്പിക്കാം. ശക്തമായ പോലീസ് ഓഫീസരുടെ വേഷം അതി ഗംഭീരമായി അദ്ദേഹം വിജയമാക്കി.

 

2004: സംസ്ഥാന ചലച്ചിത്ര അവാർഡ് – പ്രത്യേക ജൂറി പുരസ്കാരം (ഈ സ്നേഹതീരത്ത്) 2010: ഏഷ്യാനെറ്റ്, വനിത, മാതൃഭൂമി ഫിലിം അവാർഡുകൾ – മികച്ച താരജോഡി. 2011: യൂത്ത് ഐക്കൺ ഓഫ് ദ ഇയർ, മികച്ച വില്ലൻ (സീനിയേഴ്സ്).2023: ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ മികച്ച നടൻ പുരസ്കാരം (അറിയിപ്പ്, ന്നാ താൻ കേസ് കൊട്) എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

 

27 വർഷങ്ങളായി മലയാള സിനിമയുടെ മുഖമായി നിലകൊള്ളുന്ന കുഞ്ചാക്കോ ബോബൻ ഇന്ന് മലയാളത്തിന്റെ നിത്യയുവതാരമാണ്.

പ്രണയ നായകനിൽ നിന്ന് അന്വേഷണ ഓഫീസറായി, ഹാസ്യനടനിൽ നിന്ന് സാമൂഹിക വക്താവായി – നിരവധി മുഖങ്ങളുള്ള ഈ കലാകാരൻ, തന്റെ മനോഹരമായ പ്രകടനങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും ഭംഗിയായി തന്റെ പേരെഴുതി ചേർത്തിരിക്കുന്നു. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.