
വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രത്തിന് ആശംസ അറിയിച്ച പ്രിയദർശന്റെ കമന്റിനെ കുറിച്ച് പ്രതികരിച്ച് കല്യാണി പ്രിയദർശൻ. അച്ഛന് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടെന്ന് ഈ നിമിഷം വരെ തനിക്കറിയില്ലായിരുന്നുവെന്നും, താൻ കള്ളം പറയുകയല്ലെന്നും ഇതാണ് സത്യമെന്നും കല്യാണി കുറിച്ചു. കൂടെ പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ വിസ്മയക്ക് കല്യാണി ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്. കൂടെ തങ്ങൾ ഇരുവരും ഒരുമിച്ചുള്ള ചെറുപ്പ കാലത്തെ ഒരു ചിത്രീയവും കൊടുത്തിട്ടുണ്ട്.
ഈ രണ്ടു കുട്ടികളെയും ഞാൻ എൻ്റെ കൈകളിൽ എടുത്തുകൊണ്ട് നടന്നതാണ്. ഞങ്ങൾ അങ്ങനെയൊരു കുടുംബം ആയിരുന്നു. ഇന്ന് മോഹൻലാൽ പറഞ്ഞതുപോലെ ഞങ്ങൾ ഒരിക്കലും കരുതിയില്ല ഇവർ സിനിമയിലേക്ക് എത്തുമെന്ന്. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയ്ക്കും തുടക്കം ഒരു സുന്ദര തുടക്കം തന്നെയാകട്ടെ. ദൈവം രക്ഷിക്കട്ടെ മായ…’, എന്നാണ് പ്രിയദർശൻ ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.
കഴിഞ്ഞദിവസം കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ചായിരുന്നു വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. മോഹൻലാൽ കുടുംബ സമേതം പൂജയിൽ പങ്കെടുത്തിരുന്നു. നാടൻ ദിലീപും ചടങ്ങിനെത്തിയിരുന്നു. തുടക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ജൂഡ് ആന്റണിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
പ്രണവ് മോഹൻലാൽ ക്ലാപ്പടിച്ചുകൊണ്ടാണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്. സുചിത്ര മോഹൻലാൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മകൾ സിനിമയിൽ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. ആന്റണിയുടെ മകന് ആശിഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം. ജോമോന് ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.