
വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രമായ “തുടക്ക”ത്തിൽ മോഹൻലാലിൻ്റെ അതിഥി വേഷമുണ്ടായേക്കുമെന്ന് സൂചന നൽകി സംവിധായകൻ
ജൂഡ് ആന്തണി. ജുഡ് അവസരം തന്നാൽ സിനിമയിൽ ഒന്ന് മിന്നിമറഞ്ഞുപോകുമെന്ന് മോഹൻലാലും കൂട്ടിച്ചേർത്തു. കൊച്ചിയിൽ വെച്ച നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
” ‘തുടക്കം’ ഒരു സാധാരണ കുടുംബ ചിത്രമായിരിക്കും. ചിത്രത്തിൽ വിസ്മയയുടെ പേര് മീനു എന്നാണ്. ഇതിലൊരു ആക്ഷൻ ഉണ്ടെന്ന് മാത്രമെയുള്ളൂ, ഇതൊരു ആക്ഷൻ സിനിമയാണെന്ന് ആരും വിചാരിക്കരുത്. സിനിമയുടെ കഥ തന്നെയായിരിക്കും മെയിൻ. വിസ്മയ ഈ കഥാപാത്രം ചെയ്യാൻ അനുയോജ്യയാണ് എന്ന് തോന്നിയതുകൊണ്ടാണ് കാസ്റ്റ് ചെയ്തത്. വലിയ തള്ളിമറിക്കലുകളൊന്നും നടത്തുന്നില്ല. നിങ്ങൾ സിനിമ കണ്ട ശേഷം വിലയിരുത്തിക്കോളൂ. ജീവിതത്തിൽ വ്യത്യസ്തമായ താത്പര്യങ്ങളുള്ള വ്യക്തിയാണ് വിസ്മയ മോഹൻലാൽ. അവർ കവിതയെഴുതും ബുക്ക് എഴുതും ചിത്രം വരയ്ക്കും. എന്റെ കഥയിലെ മീനു എന്ന കഥാപാത്രത്തിന് വേണ്ട ചില സാധനങ്ങൾ ഞാൻ വിസ്മയയിൽ നിന്ന് എടുത്തിട്ടുണ്ട്. മോഹൻലാൽ സാറിനോട് ഞാൻ ഇടക്കിടയ്ക്ക് റിക്വസ്റ്റ് ചെയ്യുന്നുണ്ട്. ചിലപ്പോൾ ഒരു മിന്നായം പോലെ അദ്ദേഹത്തെയും സിനിമയിൽ കണ്ടേക്കാം.” ജൂഡ് ആന്റണി പറഞ്ഞു.
വിസ്മയയ്ക്കും പ്രണവിനുമൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മോഹൻലാലും പറഞ്ഞു. നല്ല കഥ വന്നാൽ അങ്ങനെയൊരു സിനിമ സംഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടക്കം’. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാ മത് ചിത്രം കൂടിയാണിത്. എഴുത്തുകാരിയും ചിത്രകാരിയും ആയ വിസ്മയയുടെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന കവിതാ സമാഹാരം മുൻപ് ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.