
കർഷക സമരത്തിൽ പങ്കെടുത്ത മഹീന്ദർ കൗർ എന്ന 73 വയസ്സുകാരിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. വയോധിക നൽകിയ മാനനഷ്ടക്കേസിൽ നേരിട്ട് ഹാജരായാണ് താരം ക്ഷമാപണം നടത്തിയത്. വിഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ ഹർജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു. പരാതിക്കാരിയുടെ ഭർത്താവിനോടാണ് മാപ്പു പറഞ്ഞതെന്ന് കങ്കണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആ സമയത്ത് പരാതി നൽകിയ മഹീന്ദർ കൗർ കോടതിയിൽ ഉണ്ടായിരുന്നില്ല. അതീവ സുരക്ഷയിലായിരുന്നു താരം കോടതിയിൽ എത്തിയത്.
“ഡൽഹിയിലെ ഷഹീൻ ബാഗ് പ്രതിഷേധത്തിൽ പങ്കെടുത്ത ബിൽക്കീസ് ദാദിയുമായി മഹീന്ദർ കൗറിനെ ബന്ധപ്പെടുത്തിയായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇവരെ പോലെയുള്ള പ്രതിഷധക്കാരെ വാടകയ്ക്ക് എടുക്കുകയാണെന്നും ആക്ഷേപിച്ചിരുന്നു. കർഷക സമരത്തിന്റെ പ്രതീകമായ മാറിയ മഹീന്ദർ കൗറിനെ കുറിച്ച് രാജ്യാന്തര മാധ്യമങ്ങൾ വരെ വാർത്ത നൽകിയിരുന്നു. ‘‘ഏറ്റവും കരുത്തയായ ഇന്ത്യക്കാരിയെന്നു ടൈം മാഗസിൻ വിശേഷിപ്പിച്ച അതേ ദാദിയാണ് ഇവർ. 100 രൂപയ്ക്ക് ലഭ്യമാണ്’’– എന്നായിരുന്നു മഹീന്ദർ കൗറിനെ കുറിച്ചുള്ള കങ്കണയുടെ ട്വീറ്റ്. തുടർന്നാണു മഹീന്ദർ കൗർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്.
അടുത്തിടെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരായ പ്രസ്താവനയിൽ കങ്കണ മാപ്പ് പറഞ്ഞിരുന്നു. നാല് വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് ജാവേദ് അക്തറുമായുള്ള പ്രശ്നം മാപ്പ് പറഞ്ഞ് ഒത്തുതീർപ്പാക്കിയത്. മുംബൈ ബാന്ദ്രയിലെ മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. ജാവേദ് അക്തറിന് എതിരായ തന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും അതുമൂലം അദ്ദേഹത്തിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കങ്കണയുടെ വിശദീകരണം.