
മലയാള സിനിമാ സെറ്റുകളിൽ കണ്ട ഉയർന്ന അച്ചടക്കത്തെയും സുരക്ഷാ നിലവാരത്തെയും പ്രശംസിച്ച് തെന്നിന്ത്യൻ നടി ശ്രദ്ധ ശ്രീനാഥ്. ഉദാഹരണമായി നടൻ മോഹൻലാലിനൊപ്പമുള്ള ‘ആറാട്ട്’ സിനിമയുടെ ഷൂട്ടിങ് സമയത്തെ അനുഭവമാണ് ശ്രദ്ധ പങ്കുവെച്ചത്. കോവിഡ് മഹാമാരിയുടെ സമയത്ത് സാധാരണ സെറ്റുകളിൽ ജോലിക്ക് തിരികെ പോകാൻ ഭയമുണ്ടായിരുന്നെങ്കിലും, മലയാള സിനിമയുടെ സെറ്റുകൾ നൽകിയ സുരക്ഷിതത്വം വളരെ വലുതായിരുന്നു എന്ന് ശ്രദ്ധ പറഞ്ഞു.
“എനിക്ക് ആഗ്രഹമുള്ളത്ര മലയാളം സിനിമകൾ കിട്ടിയിട്ടില്ല, പക്ഷേ പ്രതീക്ഷ ഇപ്പോഴുമുണ്ട്. ഞാൻ ഇവിടെ ജോലി ചെയ്തിട്ടുണ്ട്, അതിനാൽ ഈ ഇൻഡസ്ട്രി എത്രത്തോളം അച്ചടക്കമുള്ളതാണെന്ന് എനിക്കറിയാം. കൃത്യമായ ജോലി സമയങ്ങളും, ധാർമികതയോടെയുള്ള പ്രവർത്തനവുമുണ്ട് അവർക്ക്. കോവിഡ് സമയത്ത് ഞാൻ ഇവിടെ ‘ആറാട്ട്’ സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തിരുന്നു, അത് മുമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ലാത്തതു പോലെയായിരുന്നു. സാധാരണയായി സെറ്റുകളിൽ ജോലിക്കു തിരികെ പോകുന്നതിനെക്കുറിച്ച് എനിക്ക് ഭയമായിരുന്നു, പക്ഷേ ഇവിടെ എല്ലാം വളരെ ചിട്ടയോടെ പ്രവർത്തിച്ചു, അവർ സെറ്റുകളിൽ പതിവ് പരിശോധനകൾ നടത്തിയിരുന്നു. ഇവിടെ അത്രത്തോളം സുരക്ഷിതത്വം തോന്നിയിട്ടുണ്ട്. മലയാള സിനിമ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു”, ശ്രദ്ധ പറഞ്ഞു.
“സിനിമാ സെറ്റുകളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം. സ്ത്രീകൾക്ക് വേണ്ടിയുള്ള സുരക്ഷാ ക്രമീകരണങ്ങൾ വ്യക്തമായ നിയമങ്ങളോടെ സെറ്റുകളിൽ നടപ്പിലാക്കണമെന്ന് ഞാൻ കരുതുന്നു, നടിമാരെ മാത്രമല്ല, സാരി ഉടുപ്പിക്കുന്നവരെയും, മേക്കപ്പ് ആർട്ടിസ്റ്റുകളെയും, ഹെയർ സ്റ്റൈലിസ്റ്റുകളെയും, കൂടെ വരുന്ന സ്ത്രീകളേയും ഉൾപ്പെടെ സെറ്റുകളിലുള്ള എല്ലാ സ്ത്രീകളെയും നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്. സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കപ്പെടരുത്. മലയാള സിനിമയ്ക്ക് ഹേമ കമ്മിറ്റി പോലുള്ള നിയമപരമായ സമിതികൾ, ഒരു ഇൻ്റേർണൽ കമ്മിറ്റി ഒക്കെ ള്ളത് വളരെ നല്ല കാര്യമാണ്. എല്ലാ ഇൻഡസ്ട്രികളും അത്തരം സമിതികൾ സെറ്റുകളിൽ നടപ്പിലാക്കണം. ഞാൻ 10 വർഷത്തിലധികമായി സിനിമകൾ ചെയ്യുന്നു, സെറ്റുകളിൽ സ്ത്രീകളെ കാണാറുണ്ട്, പക്ഷേ അത് വലിയ സംഖ്യയിലില്ല. കൂടുതൽ സ്ത്രീകൾ സിനിമാ മേഖലയിലേക്ക് വരികയാണെങ്കിൽ അത് നന്നായിരിക്കും.”- ശ്രദ്ധ കൂട്ടിച്ചേർത്തു.
പ്രധാനമായും തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന കന്നഡ നടിയാണ് ശ്രദ്ധ ശ്രീനാഥ്. യു ടേൺ, വിക്രം വേദ, ജേഴ്സി, നേർക്കൊണ്ട പാർവൈ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ ശ്രീനാഥ് ആരധകരുടെ മനസ്സിൽ ഇടം പിടിക്കുന്നത്. ‘കോഹിനൂർ’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ മലയാളത്തിൽ എത്തിയത്. മോഹൻലാലിനൊപ്പം ആറാട്ട് എന്ന സിനിമയിലും ശ്രദ്ധ അഭിനയിച്ചിരുന്നു. കന്നഡ ത്രില്ലറായ ‘യു ടേൺ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അവർ പ്രശംസ നേടുകയും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.