
‘തുടരും’ എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം വീണ്ടും ഒന്നിച്ച് തരുൺ മൂർത്തിയും മോഹൻലാലും. നിർമാതാവ് എം. രഞ്ജിത്താണ് ഈ വിവരം പങ്കുവച്ചത്. തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു എന്നാണ് ‘തുടരും’ സിനിമയുടെ സക്സസ് മീറ്റിൽ വച്ച് രഞ്ജിത്ത് പറഞ്ഞത്. എം. രഞ്ജിത്തിൻ്റെ രജപുത്ര വിഷ്വൽ മീഡിയയായിരിക്കും ചിത്രം നിർമ്മിക്കുന്നത്. ചിത്രം തുടരുമിന്റെ തുടർച്ചയായിരിക്കില്ലെന്നും, പുതിയ കഥ തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
‘മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് തരുണ്‍ മൂര്‍ത്തി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ’, എന്നാണ് തരുൺ മൂർത്തി അന്ന് പറഞ്ഞത്.
തരുൺ മൂർത്തി സംവിധാനം ചെയ്ത് 2025-ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് ‘തുടരും’ . മോഹൻലാൽ , ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ വിജയ് സേതുപതി , അർജുൻ അശോകൻ, മണിയൻപിള്ള രാജു , ബിനു പപ്പു , സംഗീത് പ്രതാപ്, നന്ദു , ഇർഷാദ് , പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, അമൃത വാർഷിനി, കൃഷ്ണ പ്രഭ, ശ്രീജിത്ത് രവി, അരവിന്ദ്, ഭാരതി രാജ, ഇളവരസു എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ആർ. സുനിലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ രചിച്ചത്. രജപുത്ര വിഷ്വൽ മീഡിയയിലൂടെ എം. രഞ്ജിത്താണ് ചിത്രം നിർമ്മിച്ചത്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയത്.