
മാരി സെല്‍വരാജ് തുടരെ ‘ജാതിക്കഥകള്‍’ മാത്രമാണ് എടുക്കുന്നതെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി സിനിമാ നിരീക്ഷകനായ രാഹുല്‍ ഹംബിള്‍ സനല്‍. പ്രിയദർശൻ, ഫാസില്‍, ലോകേഷ്, നെൽസണ്‍ എന്നിങ്ങനെയുള്ളവർ തങ്ങളുടെ കംഫോർട്ട് സോണില്‍ തുടർച്ചയായി പടങ്ങളെടുക്കുമ്പോള്‍ ഉണ്ടാകാത്ത ചോദ്യങ്ങള്‍ താന്‍ അനുഭവിച്ച ജാതി വിവേചനങ്ങളെപ്പറ്റി മാരി സെൽവരാജ് സിനിമ എടുത്താൽ ഉയരുന്നത് എന്തുകൊണ്ടാണെനന്നായിരുന്നു രാഹുലിന്റെ വിശദീകരണം. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
“പ്രിയദർശൻ തുടർച്ചയായി സ ‘വർണ്ണ’ മാഹാത്മ്യം സിനിമയിൽ തിരുകി കയറ്റിയിട്ടുണ്ട്. ഫാസിലിന് തുടർച്ചയായി പ്രണയചിത്രങ്ങൾ മാത്രം ചെയ്യാം. ലോകേഷിനും നെൽസണും വയലൻസ് തുടർച്ചയായി സിനിമക്ക് വിഷയമാക്കാം. ആരും ചോദിക്കില്ല. പക്ഷേ മാരി സെൽവരാജ് അദ്ദേഹം അനുഭവിച്ച ജാതി വിവേചനങ്ങളെ പറ്റി സിനിമ എടുത്താൽ അതിനെ എതിർത്തുകൊണ്ട് നൂറ് ചോദ്യങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
എന്തുകൊണ്ടാണ് മാരി സെൽവരാജ് എന്ന സംവിധായകൻ തുടർച്ചയായി ഒരേ വിഷയം കൈകാര്യം ചെയ്യുന്നത്? അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് എങ്ങനെയാണ് സിനിമയിൽ ജാതിവിവേചനങ്ങളെ ചിത്രീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് എന്ന് മാരി സെൽവരാജിനെ കേൾക്കുന്നവർക്ക് മനസിലാകും”. രാഹുൽ കുറിച്ചു.
“തിരുനെൽവേലിക്കടുത്ത് ജാതീയത നിലനിൽക്കുന്ന ഒരു ഗ്രാമത്തിൽ നിന്ന് 400 രൂപയുമെടുത്ത് ചെന്നൈയിലേക്ക് ഓടി പോകേണ്ടി വന്ന ഒരു ചെറുപ്പക്കാരൻ. അവൻ്റെ ഗ്രാമത്തിൽ ഇപ്പോഴും സർക്കാർ ബസുകൾക്ക് സ്റ്റോപ്പ് ഇല്ല. സവർണ്ണരുടെ അടുത്ത സീറ്റിൽ ദളിതൻ ഇരിക്കേണ്ടി വരുമോ എന്ന ഭയമാണ് ഇപ്പോഴും അവിടെ. 1999ൽ അളവിലധികം വാഴക്കുലകൾക്കൊപ്പം മനുഷ്യരെയും കുത്തി നിറച്ച ലോറി മറിഞ്ഞ് മരിച്ച മനുഷ്യരിൽ കൗമാരക്കാരി ആയ അവൻ്റെ സ്വന്തം സഹോദരിയും ഉണ്ടായിരുന്നു. അടുത്ത ഗ്രാമങ്ങളിലേക്ക് വാഴക്കുല ചുമന്ന് കൊണ്ട് പോകാൻ വിധിക്കപ്പെട്ട ദളിതരായ ഗ്രാമവാസികൾക്ക് തിരിച്ച് വാഹന സൗകര്യമൊരുക്കാതെ വാഴക്കുലകൾക്കൊപ്പം തന്നെ മനുഷ്യരെ നിറച്ചവർ നഷ്ടപ്പെടുത്തിയ നിരവധി ജീവനുകളിൽ അവൻ്റെ വല്യച്ഛൻ്റെ മകനും ഉണ്ടായിരുന്നു. അവിടെ നിന്നാണ് “വാഴൈ ” എന്ന മാരി സെൽവരാജിൻ്റെ സിനിമ പിറന്നത്.
ആ ഗ്രാമത്തിലെ ദളിതർക്ക് സ്വന്തമായി ഭൂമി ഇല്ല. അവിടെ നിന്നും ഒളിച്ചോടിയ മാരി പല ജോലികൾ ചെയ്ത് ഒടുവിൽ സംവിധായകൻ റാമിൻ്റെ ഓഫീസ് ബോയ് ആയി ജോലി നേടി. ഒരു ദിവസം രാത്രി തെരുവ് നായകളിൽ നിന്ന് തൻ്റെ ബോസിനെ രക്ഷിച്ച മാരി, ആ രാത്രി തൻ്റെ ഗ്രാമത്തെ പറ്റിയും ഗ്രാമത്തിലെ ജാതിവിവേചനത്തെ പറ്റിയും അദ്ദേഹത്തോട് സംസാരിക്കുന്നു. എല്ലാം കേട്ട റാം പറഞ്ഞു “നാളെ മുതൽ നീ എൻ്റെ അസിസ്റ്റൻഡ് ആണ്. ” നീ അനുഭവിച്ചത് തന്നെ നീ സിനിമയാക്കണം എന്നു പറഞ്ഞതും അദ്ദേഹമാണ്. ‘പരിയേറും പെരുമാൾ’ എന്ന ചിത്രം വിജയിച്ചതിന് ശേഷം മാരിയുടെ അച്ഛൻ സെൽവരാജ് ജോലി ചെയ്തിരുന്ന ഒരു പ്രമാണിയുടെ വീട്ടിൽ മാരിക്ക് അവർ വിരുന്നൊരുക്കി. സിനിമാരംഗത്ത് നേട്ടം ഉണ്ടാക്കിയ മാരിയെ അവർ അംഗീകരിച്ചു. പക്ഷേ അപ്പോഴും മാരിയുടെ അച്ഛനോട് ഇരിക്കാൻ ആരും പറഞ്ഞില്ല. മണിക്കൂറുകൾ അയാൾ നിന്നു.
ഇത് കണ്ട മാരി അച്ഛനോട് ചോദിച്ചു. ഇത്രയും കസേരകൾ ഉണ്ടായിട്ടും ഇരിക്കാത്തത് എന്ത് എന്ന്. “നീ ഇന്ന് വന്നിട്ട് പോകും. എനിക്കവരെ ഇനിയും കാണേണ്ടതല്ലേ?” എന്നു ചോദിക്കുകയായിരുന്നു അച്ഛൻ! ആ സംഭവത്തിൽ നിന്നാണ് മാമന്നൻ എന്ന സിനിമ ഉണ്ടായത്. ഇന്ന് മാരി സെൽവരാജ് താമസിക്കുന്നത് ലക്ഷങ്ങൾ മതിക്കുന്ന ആഢംബര വീട്ടിലാണ്. അദ്ദേഹം തൻ്റെ ഗ്രാമത്തിലേക്ക് വരുന്ന വാഹനം മിനി കൂപ്പറാണ്.
എന്തൊക്കെ പറഞ്ഞാലും തമിഴിൽ പാ രഞ്ജിത്ത്, വെട്രിമാരൻ, മാരി സെൽവരാജ് തുടങ്ങിയവർ സെല്ലുലോയിഡിൽ വരച്ച് കാണിക്കുന്നത് അവർ അനുഭവിച്ച ജീവിതങ്ങൾ തന്നെയാണ്. അതനുഭവിക്കാത്തവർക്ക് അത് മനസിലായില്ലെങ്കിലും”….! രാഹുൽ കൂട്ടിച്ചേർത്തു