
തന്നെക്കുറിച്ചുള്ള വസ്തുത വിരുദ്ധമായ പ്രചാരണങ്ങളിൽ പ്രതികരിച്ച് തെന്നിന്ത്യൻ താരം ശാലിനിയുടെ പിതാവ് ബാബു. ചലച്ചിത്രപ്രവർത്തകനായ ആലപ്പി അഷ്റഫ് ബാബുവിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ കാര്യങ്ങൾക്കെതിരെയാണ് ബാബു പ്രതികരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോ ഒരു സിനിമയുടെ സെറ്റിൽ വച്ച് തന്റെ കരണത്തടിച്ചെന്നും താൻ കായലിലേക്ക് മറിഞ്ഞു വീണുവെന്നും പറഞ്ഞത് സത്യമല്ലെന്നും, എത്ര പ്രകോപനമുണ്ടായാലും അങ്ങനെയൊന്നും പ്രവര്‍ത്തിക്കുന്ന ആളല്ല ബോബന് കുഞ്ചാക്കോയെന്നും ബാബു വ്യക്തമാക്കി. മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു താരം.
”ആലപ്പി അഷ്റഫ് എനിക്ക് വളരെ വേണ്ടപ്പെട്ടയാളാണ്. എന്നിട്ടും അദ്ദേഹം ഇങ്ങനെയൊരു വിഡിയോ ചെയ്തതിന്റെ ഉദ്ദേശം എനിക്ക് മനസിലാകുന്നില്ല. കുറഞ്ഞപക്ഷം എന്നോട് ഒന്ന് വിളിച്ചു ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നു. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന് കുഞ്ചാക്കോ എന്റെ കരണത്തടിച്ചു എന്നൊക്കെ അഷറഫ് പറയുന്നത് തീരെ അടിസ്ഥാനമില്ലാത്ത കാര്യമാണ്. എത്ര പ്രകോപനമുണ്ടായാലും അങ്ങനെയൊന്നും പ്രവര്‍ത്തിക്കുന്ന ആളല്ല ബോബന്”. ബാബു പറഞ്ഞു.
“ബോബന് എന്നല്ല ജീവിതത്തിലിന്നോളം ആരും എന്നെ കയ്യേറ്റം ചെയ്തിട്ടില്ല. അതിനുളള സാഹചര്യങ്ങള്‍ ഞാന്‍ സൃഷ്ടിച്ചിട്ടുമില്ല.
ഇതുപോലെ തീര്‍ത്തും വസ്തുതാപരമല്ലാത്ത പല കാര്യങ്ങളും അഷ്റഫ് ആ വിഡിയോയില്‍ പറയുന്നുണ്ട്. അതിലൊന്ന് ശാലിനി സിനിമയില്‍ വരും മുന്‍പ് ഞാനൊരു ഹോട്ടല്‍ ജോലിക്കാരനായിരുന്നു എന്നതാണ്. ഹോട്ടല്‍ ജോലി ഒരു മോശം കാര്യമാണെന്ന് കരുതുന്നില്ല. ഏത് ജോലി ചെയ്ത് ജീവിക്കുന്നതും അഭിമാനകരമാണ്. എന്നാല്‍ ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുന്നത് മോശമാണ്. അതുപോലെ ദരിദ്രനായിരുന്ന എനിക്ക് നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നും അഷ്റഫ് പറയുന്നു. അതെങ്ങിനെ അദ്ദേഹത്തിന് ഇത്ര കൃത്യമായി അറിയാം. അജിത്ത് 180 കോടി പ്രതിഫലം വാങ്ങുന്നു എന്നാണ് മറ്റൊരു പരാമര്‍ശം. അതുപോലെ ഞാനൊരു മുസ്ലിം ആണെന്നും എന്റെ സഹോദരന്റെ പേര് ബഷീര്‍ എന്നാണെന്നും അഷ്റഫ് വിഡിയോയില്‍ പറയുന്നു. ഞാന്‍ ജനിച്ചത് മറ്റൊരു മതത്തിലാണെന്നത് സത്യമാണ്. അതൊരു രഹസ്യമോ പുതിയ വിവരമോ അല്ല. എന്നെ അടുത്തു പരിചയമുളളവര്‍ക്കെല്ലാം അറിയാം. വളരെ ചെറുപ്രായത്തില്‍ തന്നെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തയാളാണ്”, ബാബു കൂട്ടിച്ചേർത്തു