
പോയ വർഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ എണ്ണം കുത്തനെ കുറഞ്ഞ് മലയാളം ഇൻഡസ്ട്രി. ഒടിടി ബിസിനസ് ഏറക്കുറെ നിലച്ച സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ ചലച്ചിത്ര നിർമാണ മേഖല നേരിടുന്നത്. മലയാളത്തിലെ എല്ലാ ഒടിടികളും കൂടി ഏകദേശം 25 സിനിമകൾ മാത്രമേ ഒരു വർഷം മികച്ച നിരക്കിൽ വാങ്ങുന്നുള്ളൂ. സാറ്റലൈറ്റ് അവകാശ വിൽപന ഏറെ മുന്നേ നിർത്തിയതാണ്. നിർമാതാക്കളുടെ സംഘടന ഏതാനും മാസങ്ങളിൽ തുടർച്ചയായി കലക്‌ഷൻ റിപ്പോർട്ട് പുറത്തുവിട്ടതും പുതിയ നിർമാതാക്കളെ സിനിമയിൽ നിക്ഷേപിക്കുന്നതിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
‘‘കൂടുതൽ മികച്ച സിനിമകൾ വരാൻ സാഹചര്യമുണ്ടായത് നല്ലതാണെന്നും, എന്നാൽ സിനിമകളുടെ എണ്ണം കുറയുമ്പോൾ അതുമായി ബന്ധപ്പെട്ട തൊഴിലാളികളെ ബാധിക്കുമെന്നത് ദോഷവുമാണെന്നും സംഭവുമായി ബന്ധപ്പെട്ട് നിർമാതാവ് എം. രഞ്ജിത് പറഞ്ഞു. “കേരളത്തിൽ 1400 സ്ക്രീനുകളാണ് മൂന്നു ക്ലാസുകളിലായി ഉണ്ടായിരുന്നത്. ഇപ്പോഴത് 625 സ്ക്രീൻ മാത്രമായി. എല്ലാം ടോപ് ക്ലാസായി. അപ്പോഴും സ്ക്രീനുകളുടെ എണ്ണം കൂടിയെന്നു പറയാനാകില്ല. പ്രേക്ഷകന് മികച്ച സിനിമ കാണാനുള്ള സാഹചര്യമൊരുക്കിയാൽ സിനിമയ്ക്ക് നല്ലതാണ് “-ഫിലിം ചേംബർ വൈസ് പ്രസിഡന്റും തിയറ്റർ ഉടമയുമായ ഇവിഎം രഞ്ജിത് ചൂണ്ടിക്കാട്ടി.
അതുപോലെ തന്നെ നിർമാണ മേഖലയിലെ പ്രതിസന്ധി ചലച്ചിത്രത്തൊഴിലാളികളെയും ബാധിച്ചിട്ടുണ്ടെന്ന് സംവിധായകനും ഫെഫ്ക വർക്കിങ് സെക്രട്ടറിയുമായ സോഹൻ സീനുലാൽ പറഞ്ഞു. ” മലയാളത്തിൽ ബാറ്റ വാങ്ങി ജോലി ചെയ്യുന്ന 5000 ലേറെ തൊഴിലാളികളുണ്ട്. ലൈറ്റ്ബോയ്, ആർട്, ഡ്രൈവർമാർ, മേക്കപ് – കോസ്‌റ്റ്യൂം അസിസ്‌റ്റൻ്റുമാർ എന്നിവർ തുടർച്ചയായി ജോലി ചെയ്തിരുന്നവരാണ്. ഇവരിൽ പലരും ജോലിയില്ലെന്നു പറഞ്ഞ് വിളിക്കുന്നുണ്ട് “- സോഹൻ സീനുലാൽ പറഞ്ഞു
സിനിമകളുടെ എണ്ണം കുറയുകയാണെങ്കിലും മികച്ച നിലവാരത്തിലുള്ള സ്ക്രീനുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഒടിടികൾ വലിയ തുക നൽകി സിനിമ എടുത്തിരുന്ന കാലത്ത് നിരക്കുകൂട്ടിയ താരങ്ങൾ ഒടിടികൾ പിൻവലിഞ്ഞിട്ടും പ്രതിഫലം കുറയ്ക്കാൻ തയാറാകാത്തതാണ് നിർമാണച്ചെലവ് കൂടാൻ കാരണമെന്നാണ് ഒരു വിഭാഗം നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 2024ൽ 207 സിനിമകളാണ് റിലീസ് ചെയ്തതെങ്കിൽ ഇത്തവണ 150 സിനിമകൾ മാത്രമാണ് റിലീസ് ചെയ്തത്. രാശരി 20 ചിത്രങ്ങൾ റജിസ്റ്റർ ചെയ്യാറുള്ള ഫിലിം ചേംബറിൽ ഒക്ടോബറിൽ ചെയ്തിരിക്കുന്നത് 8 സിനിമകൾ മാത്രം.