
നടന് ബിനീഷ് ബാസ്റ്റിന് വിവാഹിതനാകുന്നു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലായിരുന്നു. തന്റെ സോഷ്യൽ മീഡിയ പേജായ ഫേസ്ബുക്കിലൂടെ ബിനീഷ് തന്നെയാണ് വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഓഫ്വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുനില്ക്കുന്ന ബിനീഷിന്റെയും താരയുടേയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും താരം പങ്കുവെച്ചിട്ടുണ്ട്.
ഈ സോളമനും ശോശന്നയും കണ്ടുമുട്ടി എന്ന കുറിപ്പും ചിത്രത്തില്‍ കാണാം.
“ടീമേ..’ഇന്ന് മുതല്‍ എന്നും, സന്തോഷത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും ,പരസ്പര സ്നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം. ഏറെക്കാലമായുള്ള അമ്മച്ചിയുടെ ആഗ്രഹമാണ് എന്റെ കല്യാണം. അതിനായി ഒരുപാട് പ്രാര്‍ഥനകളും അമ്മച്ചി നടത്തിയിരുന്നു. വൈകിയുള്ള വിവാഹമാണെങ്കിലും ഒരുപാട് സന്തോഷമുണ്ട്. വിവാഹദിനം പിന്നീട് അറിയിക്കും”, ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ബിനീഷ് കുറിച്ചു.
2026 ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് ബിനീഷ് സൂചിപ്പിച്ചിരിക്കുന്നത്. തന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടി ഒരുക്കിയതെന്നും താരം പറഞ്ഞു. പത്ത് വര്‍ഷത്തിലേറെയായി ബിനീഷ് സിനിമാരംഗത്ത് സജീവമാണ്.