കൃഷിക്ക് പ്രോത്സാഹനം; ഒരു പറ നെല്ല് അളന്നുനൽകി ശ്രീനിവാസനെ ആദരിച്ച് കേരള ദർശനവേദി

','

' ); } ?>

നെൽകൃഷി നടത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നടൻ ശ്രീനിവാസനെ ആദരിച്ച് കേരള ദർശനവേദി. ശ്രീനിവാസനു മുന്നിൽ ഒരു പറ നെല്ല് അളന്നുനൽകിയും, അദ്ദേഹത്തിനെയും ഭാര്യ വിമലയെയും പൊന്നാടയണിയിച്ചുമാണ് ആദരവ് നൽകിയത്. കേരള ദർശനവേദിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ ഉദയംപേരൂർ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിൽ വെച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാറാണ് ഇരുവരെയും പൊന്നാടയണിയിച്ചത്.

“കൃഷി നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണ്. എല്ലാവരും നെൽകൃഷിയിലേക്കടക്കം ഇറങ്ങി വരണം. വർഷങ്ങൾക്കുമുൻപ്‌ ഗ്രാമപ്രദേശമായ കണ്ടനാട് താമസമാരംഭിച്ചപ്പോൾ സമീപത്തെ തരിശു പാടശേഖരങ്ങളിൽ ഞാൻ നെൽകൃഷി ആരംഭിച്ചിരുന്നു. നല്ല വിളവെടുപ്പു ലഭിച്ചതോടെ കർഷകരുടെ ഉൾപ്പെടെ വലിയ പിന്തുണയും അന്നെനിക്ക് ലഭിച്ചു”, ശ്രീനിവാസൻ പറഞ്ഞു.

കഴിഞ്ഞ മാസം 30 നാണ് മകൻ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ കണ്ടനാടുള്ള വീടിനടുത്ത് 80 ഏക്കറോളം വരുന്ന പുന്നച്ചാലിൽ പാടശേഖരത്ത് വിത മഹോത്സവം നടന്നിരുന്നത്. ശ്രീനിവാസന്റെയും ധ്യാനിന്റെയും നടപടി നാടിന് പ്രോത്സാഹനമാണെന്ന് വേദി ചെയർമാൻ എ.പി. മത്തായി പറഞ്ഞു. വേദി സെക്രട്ടറി കുമ്പളം രവി, ട്രഷറർ ടോമി മാത്യു, ഉദയംപേരൂർ കൃഷി ഓഫീസർ വിദ്യാ സോമൻ, കണ്ടനാട് എംജിഎം സ്കൂൾ പ്രിൻസിപ്പൽ ഉമ വി., കർഷകൻ മനു ഫിലിപ്പ്, തിരുവാണിയൂർ വൈഎംസിഎ ജനറൽ സെക്രട്ടറി എൻ.കെ. മത്തായി, മൈക്കിൾ കടമ്പാട്ട് എന്നിവർ പങ്കെടുത്തു.