
നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയെ കുറിച്ച് മനസ്സ് തുറന്ന് ഭാര്യ പ്രഗതി ഋഷഭ് ഷെട്ടി. ഋഷഭിനെ കണ്ടുമുട്ടിയപ്പോൾ, ജോലി ഉപേക്ഷിക്കാനുള്ള കാരണം താൻ കണ്ടെത്തിയെന്നും, തിരിഞ്ഞുനോക്കുമ്പോൾ ഇന്നതിൽ അഭിമാനം മാത്രമേ ഉള്ളുവെന്നും പ്രഗതി പറഞ്ഞു. കൂടാതെ ജീവിതത്തിൽ ഋഷഭിനോട് നോ പറയുമെങ്കിലും സിനിമയിൽ താനൊരിക്കകളും അദ്ദേഹത്തിനോട് നോ പറയില്ലെന്നും പ്രഗതി കൂട്ടിച്ചേർത്തു. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
‘ഞാൻ ഇന്ന് എവിടെയാണോ, അവിടെവരെ എത്തും എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സാധാരണ 9- 5 ജോലിയിൽനിന്ന് ഇന്നിവിടെവരെ എത്തിനിൽക്കുന്നു. ഋഷഭിനെ കണ്ടുമുട്ടിയപ്പോൾ, ജോലി ഉപേക്ഷിക്കാനുള്ള കാരണം ഞാൻ കണ്ടെത്തി. ഋഷഭിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ അഭിമാനിക്കുന്നു. ആ അവസരങ്ങൾക്ക് കടപ്പെട്ടിരിക്കും’ പ്രഗതി ഋഷഭ് ഷെട്ടി പറഞ്ഞു.
‘ഞാൻ ഋഷഭിനെ കണ്ടപ്പോൾ, കണ്ണുകളിലെ നിഷ്കളങ്കതയും സത്യസന്ധതയുമായിരുന്നു ആദ്യം ശ്രദ്ധിച്ചത്. എത്രവളർന്നാലും എനിക്കിപ്പോഴും അദ്ദേഹത്തിൻ്റെ നിഷ്കളങ്കത കാണാൻ കഴിയും. ഈ നിഷ്കളങ്കതയും സത്യസന്ധതയുമാണ് ഋഷഭിനെ, ഇന്നെവിടെയാണോ അവിടെവരെ എത്തിച്ചത്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമായിരുന്നെങ്കിലും പരസ്പരം ഞങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. ഒരുദിവസം രാത്രി വന്ന്, നാളത്തേക്ക് 500 വസ്ത്രങ്ങൾ വേണമെന്ന് അദ്ദേഹം പറയും. അതെങ്ങനെ നടക്കും എന്ന് ഞാൻ ചോദിക്കുമെങ്കിലും, ഒരിക്കലും പറ്റില്ല എന്ന് പറയില്ല. ‘കാന്താര’ പോലെ ദൈവികമായ ഒരു ചിത്രത്തിൽ ഒന്നിനും ‘നോ’ പറയാൻ തോന്നില്ല. ചില കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാവുമെങ്കിലും ഞങ്ങളുടെ ഈഗോയേക്കാൾ വലുത് ‘കാന്താര’യാണെന്ന തിരിച്ചറിവിൽ ഞങ്ങൾ ധാരണയിലെത്തും. ജീവിതത്തിൽ ഋഷഭിനോട് നോ പറയുമെങ്കിലും സിനിമയിൽ അദ്ദേഹം സംവിധായകനാണ്. നോ പറയാറില്ല. ഞാൻ നോ പറയില്ല എന്ന് അദ്ദേഹത്തിനും അറിയാം’- പ്രഗതി കൂട്ടിച്ചേർത്തു