
കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ട്രോമയെക്കുറിച്ച് മനസ്സ് തുറന്ന് നടൻ ‘നിഹാൽ പിള്ള’. കുട്ടികൾ സെക്ഷ്വൽ അബ്യൂസ് നേരിടുന്നത് ഈ അടുത്ത കാലത്തായി കൂടി വരികയാണെന്നും, തനിക്കും ഇതുപോലൊരനുഭവം ഉണ്ടായിട്ടുണ്ടെന്നും നിഹാൽ പിള്ള പറഞ്ഞു. കൂടാതെ താനൊരിക്കലും ഇത് വെളിയിൽ പറയില്ലെന്ന് വിചാരിച്ചൊരു കാര്യമാണെന്നും, തനിക്ക് വേണ്ടപ്പെട്ട ഒരാളിൽ നിന്നും അവരുടെ കുട്ടിക്കുണ്ടായ അനുഭവം കേട്ടതുകൊണ്ടാണീ വെളിപ്പെടുത്തലെന്നും നിഹാൽ പിള്ള പറഞ്ഞു. തന്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
”കുട്ടികൾ സെക്ഷ്വൽ അബ്യൂസ് നേരിടുന്നത് ഈ അടുത്ത കാലത്തായി കൂടി വരികയാണ്. എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഇത് ആരോടെങ്കിലും തുറന്ന് പറയുമെന്ന് കരുതിയതല്ല. രണ്ട്, മൂന്ന് തവണ ഈ സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ രണ്ടെണ്ണം വല്ലാത്തൊരു ട്രോമയാണ്. ഞാൻ താമസിച്ചിരുന്ന വീടിന് അടുത്തായി ഒരു ഷൂ ഷോപ്പിലെ സ്റ്റാഫ് താമസിക്കുന്ന വീടുണ്ടായിരുന്നു. അന്ന് എനിക്ക് എട്ടോ, ഒമ്പതോ വയസ് മാത്രമേ പ്രായമേയുള്ളൂ. കടയിലെ ഒരാൾ ഞങ്ങളെ ഫുട്ബോളിന്റെ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് വിളിക്കുമായിരുന്നു. ഒരു ദിവസം കുറേ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് അകത്തേക്ക് വിളിച്ചു. ഞങ്ങൾ മൂന്നുപേർ ഉണ്ടായിരുന്നു. അകത്തേക്ക് കയറി വന്നാൽ വലിയ സ്റ്റിക്കർ തരാമെന്ന് പറഞ്ഞു. അയാൾ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചോ അതോ പിടിക്കാൻ ശ്രമിക്കുകയാണോ ചെയ്തതെന്ന് എനിക്ക് കൃത്യം ഓർമയില്ല. എനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്റെ ഷോട്സ് ഊരുകയോ എന്തോ ചെയ്തു. അതിനുശേഷം ഞങ്ങളാരും അവിടേക്ക് പോയിട്ടില്ല. ആ റൂമിന്റെ സ്മെൽ ഇന്നും എനിക്ക് ഓർമയുണ്ട്. അതൊരു ട്രോമയാണ്”, നിഹാൽ പിള്ള പറഞ്ഞു.
”പിന്നീട് കുവൈറ്റിൽ വെച്ച് ഒരു അറബി എന്റെ കഴുത്തിൽ പിടിച്ചു. അന്ന് ഞാൻ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ മറ്റോ ആണ് പഠിക്കുന്നത്. പിന്നെ അയാൾ പതിയെ എന്റെ പാന്റിന് അടുത്തേക്ക് പോയി. ഉടനെ ഞാൻ അയാളുടെ ശ്രദ്ധ മാറ്റി, കൈ തട്ടി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്”, നിഹാൽ പിള്ള കൂട്ടിച്ചേർത്തു.
പൃഥ്വിരാജ് നായകനായ മുംബൈ പൊലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിഹാൽ പിള്ള. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെ ഭർത്താവു കൂടിയാണ് നിഹാൽ. ടിയാൻ, രസം, സെവൻസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.