
പുതിയ ചിത്രങ്ങൾക്കൊപ്പം തന്നെ പഴയ ചിത്രങ്ങളെയും ആഘോഷമാക്കുന്ന തിരക്കിലാണ് പ്രേക്ഷകർ. റീ റിലീസിനെത്തിയ ചിത്രങ്ങൾക്കൊക്കെയും മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്. തുടർച്ചയായി മോഹൻലാൽ ചിത്രങ്ങൾ റീ റിലീസിനെത്തി കോടികൾ വാരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഏറ്റവും ഒടുവിൽ റീ റിലീസിനെത്തിയ മോഹൻലാൽ ചിത്രം ‘രാവണ പ്രഭു’ അഞ്ചാം ദിവസവും ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. ഒരു കോടിയിലധികം രൂപയാണ് ചിത്രം ഇന്നലെ കേരളത്തിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. കാന്താരയും, ലോകയും കളം നിറഞ്ഞ് പ്രദർശനം തുടരുന്നതിന്റെ ഇടയിലാണ് “രാവണപ്രഭുവിന്റെ” ഈ വിജയം.
ഇപ്പോഴിതാ അടുത്തതായി പ്രദർശനത്തിനൊരുങ്ങാൻ പോകുന്ന മോഹൻലാൽ ചിത്രങ്ങളുടെ ലിസ്റ്റ് തന്നെ പുറത്തു വന്നിരിക്കുകയാണ്. ‘ഗുരു, ഉദയനാണ് താരം, സമ്മർ ഇൻ ബത്‌ലഹേം, നരൻ, തേന്മാവിൻ കൊമ്പത്ത്’ എന്നീ ചിത്രങ്ങളുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ റൺ ബേബി റൺ, ഹാലോ, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ, ഉസ്താദ് ഈ സിനിമകളും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
നടനും സംവിധായകനുമായ മധുപാലാണ് “ഗുരു” റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. ‘രാവണപ്രഭു റീ റീലിസ് ചെയ്ത പോലെ അടുത്ത മോഹൻലാൽ സിനിമ ഗുരു തിയേറ്ററിൽ വരുമെന്ന് പറഞ്ഞ മധുപാൽ റിലീസ് തീയതിയോ മറ്റു കാര്യങ്ങളോ വെളുപ്പെടുത്തിയിട്ടില്ല. “ഉസ്താദ്” 2026 ഫെബ്രുവരിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 27 വർഷങ്ങൾക്ക് ശേഷം ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് വീണ്ടും തീയറ്ററിലെത്തിയിരിക്കുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും ചിത്രം പുനരവതരിപ്പിക്കും.
സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു എന്നിവയാണ് മോഹൻലാലിന്റേതായി റീ റിലീസിനെത്തിയ ചിത്രങ്ങൾ. ഭദ്രൻ ഒരുക്കിയ സ്‌ഫടികം പുത്തൻ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോൾ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്. ഏകദേശം 4 കോടിയോളമാണ് സിനിമ റീ റിലീസിൽ തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. ആദ്യത്തെ റിലീസിൽ ബോക്സ് ഓഫീസിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാതെ പോകുകയും എന്നാൽ പിന്നീട് പ്രേക്ഷക പ്രിയങ്കരമാകുകയും ചെയ്ത സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. രണ്ടാം വരവിൽ ഗംഭീര അഭിപ്രായമാണ് സിനിമ നേടിയത്. മികച്ച വരവേൽപ്പ് ലഭിച്ച സിനിമ ആദ്യ ദിനം നേടിയത് 50 ലക്ഷമായിരുന്നു. 5.4 കോടിയാണ് ആഗോളതലത്തിൽ സിനിമയുടെ ഫൈനൽ കളക്ഷൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ചിത്രം പുറത്തിറങ്ങിയത്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മണിച്ചിത്രത്താഴ് 2024 ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയ സിനിമയുടെ ഫൈനൽ റീ റിലീസ് കളക്ഷൻ 4.71 കോടിയാണ്.
മറ്റൊരു ചിത്രം “ചോട്ടാമുംബൈ” പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ 4K ഡോൾബി അറ്റ്മോസിൽ ആണ് വീണ്ടും റിലീസ് ചെയ്തിരുന്നത്. നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിൽ ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടുകയും ചെയ്തു. ചിത്രം റീ റിലീസിനെത്തി ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് സിനിമ 1.90 കോടി സ്വന്തമാക്കിയിരുന്നു. ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീത സംവിധാനം.
ഇതുവരെയുള്ള മോഹൻലാൽ റീ റിലീസുകളുടെ ലിസ്റ്റിൽ ആദ്യ ദിനം കളക്ഷനിൽ മുന്നിൽ സ്‌ഫടികമാണ്. അതേ സമയം കഴിഞ്ഞ ദിവസം 4K അറ്റ്‌മോസില്‍ റീ റിലീസിനെത്തിയ രാവണപ്രഭുവിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായാണ് രാവണപ്രഭു രണ്ടാം വരവ് ആരാധകർ ആഘോഷിച്ചത്. മോഹൻലാലിനെ പോലെ ഇത്രയധികം ആഷോഷിക്കപ്പെട്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല എന്നാണ് ആരാധകരുടെ ഭാഷ്യം. 2001 ഒക്ടോബർ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു