
സോഷ്യൽ മീഡിയയിൽ വൈറലായി മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞു കൊണ്ട് മുണ്ടു മടക്കിക്കുത്തുന്ന ഋഷഭ് ഷെട്ടിയുടെ വിഡിയോ. അമിതാഭ് ബച്ചന് അവതാരകനായ കോന്‍ ബനേഗ കറോര്‍പതിയിൽ അതിഥിയായി എത്തിയതായിരുന്നു ഋഷഭ് ഷെട്ടി. പരിപാടിയിലേക്കുള്ള ഋഷഭിന്റെ എന്‍ട്രിയിലായിരുന്നു മോഹൻലാൽ സ്റ്റൈലിൽ ഡയലോഗും മുണ്ട് മടക്കി കുത്തലും. ലാലേട്ടന്റെ സ്റ്റൈലില്‍ ‘എന്താ മോനേ ദിനേശാ’ എന്ന് ചോദിച്ചു കൊണ്ടാണ് ഋഷഭ് മുണ്ട് മടക്കിക്കുന്നത്. വിഡിയോയ്ക്ക് താഴെ മലയാളികളും മോഹന്‍ലാല്‍ ആരാധകരും ഒഴുകിയെത്തുകയാണ്.
പക്കാ ഒരു ഫാൻ ബോയ് മൊമെന്റ് തന്നെയായിരുന്നു അതെന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാകും. താന്‍ മാസ് സിനിമകളുടെ വലിയ ആരാധകനാണെന്നും ബച്ചനും മോഹന്‍ലാലുമൊക്കെ തന്റെ പ്രിയപ്പെട്ട നടന്മാരാണെന്നും ഋഷഭ് നേരത്തേയും പറഞ്ഞിട്ടുണ്ട്.
അതേസമയം 500 കോടിയും കടന്ന് 600 കോടിയിലേക്ക് അടുക്കുകയാണ് കാന്താര ചാപ്റ്റര്‍ 1 ന്റെ കളക്ഷന്‍. ചിത്രം 1000 കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ ഭാഗത്തിലെ പ്രകടനത്തിന് ഋഷഭിനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരമെത്തിയിരുന്നു. ഹോംബാലെ ഫിലിംസ് നിര്‍മിച്ച സിനിമ കേരളത്തിലെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു. രുക്മിണി വസന്ത്, ജയറാം, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.