
കാന്താരയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ അനുഭവിച്ച ശാരീരികമായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. നീരുവെച്ച കാലും കടുത്ത ക്ഷീണവും വകവെക്കാതെയാണ് ആ രംഗങ്ങൾ ചിത്രീകരിച്ചതെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രങ്ങൾ സഹിതം പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
“നീരുവെച്ച കാലും തളർന്ന ശരീരവും. ഇത് ക്ലൈമാക്സ് ചിത്രീകരണ സമയത്തായിരുന്നു. എന്നാൽ ഇന്ന്, ആ ക്ലൈമാക്സ് ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒന്നായി മാറി. ഞങ്ങൾ വിശ്വസിക്കുന്ന ദൈവികമായ ഊർജ്ജത്തിന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി,” ഋഷഭ് ഷെട്ടി കുറിച്ചു.
നിലവിൽ ചിത്രം ആഗോളതലത്തിൽ 600 കോടി കളക്ഷൻ സ്വന്തമാക്കിയെന്നാണ് ട്രാക്കർമാർ പറയുന്നത്. നാലാം നൂറ്റാണ്ടിലെ കദമ്പ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് കാന്താര ചാപ്റ്റര്‍ 1-ന്റെ കഥ നടക്കുന്നത്. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.