
റീ റിലീസിനൊരുങ്ങുന്ന അടുത്ത മോഹൻലാൽ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തി നടനും സംവിധായകനുമായ മധുപാൽ. ‘രാവണപ്രഭു’ റീ റീലിസ് ചെയ്ത പോലെ അടുത്ത മോഹൻലാൽ സിനിമ ‘ഗുരു’ ആണെന്നാണ് മധുപാൽ പറയുന്നത്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് മധുപാൽ ഇക്കാര്യം പങ്കുവെച്ചത്.
‘രാവണപ്രഭു റീ റീലിസ് ചെയ്ത പോലെ അടുത്ത മോഹൻലാൽ സിനിമ ഗുരു തിയേറ്ററിൽ വരും. ഇപ്പോഴും സിനിമ യൂട്യൂബിലോ ടിവിയിൽ എല്ലാം വരുമ്പോൾ ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ് സിനിമ വീണ്ടും ഒന്ന് തിയേറ്ററിൽ ഇറക്കി കൂടെയെന്ന്. ഈ സിനിമയുടെ കഥ ആലോചിക്കുമ്പോൾ മുതൽ സിനിമയുടെ ഭാഗമായി ഞാനും ഉണ്ടായിരുന്നു. ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗുരു. അതുമാത്രമല്ല മലയാളത്തിൽ ഒരു സിനിമ ആദ്യമായി ഓസ്കറിന് പോകുന്നുവെന്നത് ഭാഗ്യമായിരുന്നു . ന്യൂയോർക്കിലെ ഫിലിം സ്കൂളിൽ പഠിപ്പിക്കാൻ എടുത്ത് വെച്ചിട്ടുള്ള സിനിമകളിൽ ഒന്നും കൂടിയാണ് ഗുരു,’ മധുപാൽ പറഞ്ഞു.
1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് സി ജി രാജേന്ദ്ര ബാബു എഴുതിയ ഫാന്റസി ഡ്രാമ ചിത്രമാണ് ഗുരു. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ സുരേഷ് ഗോപി, മധുപാൽ, സിത്താര, കാവേരി, ശ്രീലക്ഷ്മി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങി നിരവധി പേർ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഒറിജിനൽ സംഗീതവും ഗാനങ്ങളും രചിച്ചത് ഇളയരാജയാണ്.
അതേ സമയം കഴിഞ്ഞ ദിവസം 4K അറ്റ്മോസില് റീ റിലീസിനെത്തിയ രാവണപ്രഭുവിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായാണ് രാവണപ്രഭു രണ്ടാം വരവ് ആരാധകർ ആഘോഷിച്ചത്. മോഹൻലാലിനെ പോലെ ഇത്രയധികം ആഷോഷിക്കപ്പെട്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല എന്നാണ് ആരാധകരുടെ ഭാഷ്യം. 2001 ഒക്ടോബർ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു.
ഈ വർഷം ആദ്യം റിലീസ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ മുതൽ ഇപ്പോൾ തിയേറ്ററിൽ എത്തിയ രാവണപ്രഭു വരെ തിയേറ്ററുകളിൽ മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
വിജയ് നായകനായ ‘തുപ്പാക്കി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളി ദീപ്തി ‘രാവണപ്രഭു’ കാണാനെത്തിയിരുന്നു. കൂടാതെ മോഹൻലാലിനോടുള്ള ആരാധന തുറന്നുപറയുകയും ചെയ്തിരുന്നു. ജനിച്ചു വളർന്നതെല്ലാം പൂണൈയിലും മുംബൈയിലും ഒക്കെ ആയിരുന്നെങ്കിലും എന്നും മോഹൻലാലിന്റെ ആരാധികയിരുന്നു താനെന്ന് താരം തുറന്നു പറഞ്ഞു. ‘രാവണപ്രഭു’ മോഹൻലാൽ ആരാധകർ വലിയ ആഘോഷമാക്കുന്നതിൻ്റെ ആവേശവും ദീപ്തി പങ്കുവച്ചു.
റെക്കോർഡ് ബുക്കിങ് ആണ് സിനിമയ്ക്ക് ആദ്യ മണിക്കൂറിൽ ലഭിച്ചത്. 5.68K ടിക്കറ്റുകളാണ് മണിക്കൂറുകൾക്കിടയിൽ വിറ്റഴിച്ചത്. റിറിലീസിൽ ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിച്ചേക്കും.
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.