
അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തിൽ ഹിജാബ് ധരിച്ച് അഭിനയിച്ചതിന് പിന്നാലെ നടി ദീപിക പദുക്കോണിനെതിരെ സൈബർ ആക്രമണം. എക്സ്പീരിയന്‍സ് അബുദാബിയുടെ പ്രാദേശിക ബ്രാന്‍ഡ് അംബാസഡറും കൂടിയായ ദീപിക ഭർത്താവ് രൺവീർ സിങ്ങിനൊപ്പമാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്.
പണത്തിന് വേണ്ടി ദീപിക മറ്റൊരു മതത്തെ അനാവശ്യമായി പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് വിമർശകരുടെ വാദം. എന്നാൽ മറ്റൊരു വിഭാഗം ദീപികയെ ശക്തമായി പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. ‘അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്ന പരസ്യത്തിൽ, അവിടുത്തെ നിയമപ്രകാരം അബായ ധരിച്ചപ്പോൾ, സംഘപരിവാര്‍ ദീപികയെ ‘വിശ്വാസവഞ്ചകി’യായി മുദ്രകുത്തുന്നു’- എന്നാണ് സോഷ്യൽ മീഡിയയിലെ ഒരു കമന്റ്. കൂടാതെ മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനത്തോടെ നോക്കി കാണുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ ആളുകൾ കമന്റ് ചെയ്യുന്നു. ചിലരാകട്ടെ ‘മസ്ജിദിൽ കയറിയത് കൊണ്ടാണ് അതിനോട് ബന്ധപ്പെട്ട അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നത്’ എന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യയിൽ അമ്പലങ്ങളിൽ കയറുമ്പോഴും ദീപിക അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും ആരാധകർ ചൂണ്ടികാണിക്കുന്നു.
ഇതിന് മുൻപ് പത്താൻ എന്ന ചിത്രത്തിൽ കാവി നിറത്തിലെ ബിക്കിനി ധരിച്ചെന്ന് പറഞ്ഞ് ദീപികയ്ക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. അതേസമയം നേരത്തെ കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപികയെ പുറത്താക്കിയ വാർത്തയും വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഷാരുഖ് ഖാനൊപ്പമുള്ള കിങ് ആണ് ദീപികയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. അടുത്ത വർഷം ഒക്ടോബറിലോ ഡിസംബറിലോ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.