“ആളുകളുടെ അഭിപ്രായത്തിന് അനുസരിച്ച് കഥ മാറ്റാന്‍ കഴിയില്ല”; ഋഷഭ് ഷെട്ടി

','

' ); } ?>

‘കാന്താര’, ‘കാന്താര: ചാപ്റ്റര്‍ വണ്‍’, എന്നീ ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ സംബന്ധിച്ചുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. സമൂഹത്തിലുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ പ്രതിഫലിക്കുന്നതെന്നും, ആളുകളുടെ അഭിപ്രായത്തിന് അനുസരിച്ച് കഥ മാറ്റാന്‍ കഴിയില്ലെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ ആളുകള്‍ക്ക് പല അഭിപ്രായങ്ങളും ഉണ്ടാവാം. എന്നുകരുതി കഥ മാറ്റാന്‍ കഴിയില്ല’, സിനിമ എപ്പോഴും സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. സമൂഹത്തില്‍ കാണുന്നതിനെ പുനരാവിഷ്‌കരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ചിലപ്പോള്‍ അത് പോസിറ്റീവ് ആയിരിക്കും, മറ്റുചിലപ്പോള്‍ നെഗറ്റീവും. അത് എങ്ങനെ സ്വീകരിക്കണം എന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. സിനിമകള്‍ക്ക് പ്രധാനപ്പെട്ട ആശയങ്ങളും വിവരങ്ങളും നല്‍കാന്‍ കഴിയും. ആളുകള്‍ നല്ലത് സ്വീകരിക്കുകയും നെഗറ്റീവായ കാര്യങ്ങള്‍ കണ്ടശേഷം ഉപേക്ഷിക്കുകയും ചെയ്യുന്നു’- ഋഷഭ് ഷെട്ടി പറഞ്ഞു.

‘ആദ്യഭാഗത്തിൽ ശിവയുടെ യാത്രയായിരുന്നു കാണിച്ചത്. അയാൾ നായകൻ മാത്രമല്ല വില്ലൻ കൂടിയായിരുന്നു. നായകനായ അയാൾ എന്തോ തെറ്റ് ചെയ്യുകയാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചു. അയാൾ എന്തുചെയ്യരുതെന്ന് കാണിക്കുകയായിരുന്നു ഞാൻ. എന്താണോ ചെയ്യേണ്ടത് അതിൻ്റെ വിപരീതമായിരുന്നു അയാൾ ചെയ്യുന്നത്. ഒരുപാട് നെഗറ്റിവിറ്റി അയാൾ നേരിട്ടു, ഒടുവിൽ കഥാപാത്രം തിരിച്ചറിവിലേക്ക് എത്തുന്നു. മാറ്റങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും കഥ കാണിച്ചുതരുന്നു’ – ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.

2022-ൽ പുറത്തിറങ്ങിയ ‘കാന്താര’ ആദ്യഭാഗത്തിലെ ഒരുരംഗം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ചിത്രത്തിൽ നായകൻ നായികയുടെ സമ്മതമില്ലാതെ അരക്കെട്ടിൽ നുള്ളുന്ന രംഗമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഋഷഭ് ഷെട്ടിക്ക് വലിയ പഴി കേൾക്കേണ്ടിവന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഋഷഭ്.