
ഭൂട്ടാൻ വാഹനക്കടത്തു കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി ഇ ഡി. ദുൽഖറിന്റെ വീട്ടിൽ റെയിഡ് നടന്നു കൊണ്ടിരിക്കെയാണ് വിളിച്ചു വരുത്തൽ നടത്തിയിരിക്കുന്നത്. നെടുമ്പാശേരി എയർപോർട്ടിലെത്തിയ താരത്തിനോട് പ്രതികരണം തേടിയെങ്കിലും ദുൽഖർ പ്രതികരിക്കാതെ കാറിൽ കയറി പോവുകയായിരുന്നു.
ദുൽഖറിനെ കൂടാതെ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീട്ടിലും ഇപ്പോൾ റെയിഡ് നടന്നു കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ വിഡികളുൾപ്പടെ 17 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. നിലവിൽ കടവന്ത്രയിലെ വീട്ടിലാണ് ദുൽഖറും താമസിക്കുന്നത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന.
ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ ഡിയുടെ വിശദീകരണം. നടന് അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ച് ജില്ലകളിലെ വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം.
കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കണമെന്ന നടന്റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് നിർദ്ദേശിച്ചിരുന്നു. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് ഓവർ വിട്ടുകിട്ടണമെന്ന ദുൽഖറിന്റെ ഹർജിയിലായിരുന്നു കോടതിയുടെ തീരുമാനം. വ്യക്തികള്‍ക്കെതിരേ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞു.