
മമ്മൂട്ടിയോടൊപ്പം ഒരു വൈകുന്നേരം ചിലവഴിക്കാൻ സമയം ലഭിച്ചതിനെ കുറിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ലോകമറിയുന്ന മഹാനടൻ അങ്കിളിൻ്റെ പേരെന്താണ് എന്ന തന്റെ കുഞ്ഞുമകളുടെ നിഷ്കളങ്കമായ ചോദ്യത്തിന് ‘മമ്മൂട്ടി’ എന്ന് എളിമയോടെ മറുപടി പറയുകയും മകളോടൊപ്പം സെൽഫികൾ എടുക്കുന്നത് കാണുകയും ചെയ്തത് വലിയൊരു അനുഭവമായി മാറിയെന്ന് ബേസിൽ കുറിച്ചു. കുടുംബത്തോടൊപ്പം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘ഒരു ഇതിഹാസത്തോടൊപ്പം ഒരന്തിനേരം ചെലവഴിക്കാൻ ലഭിച്ച അസുലഭ ഭാഗ്യം, അത് സ്വർഗ്ഗീയമായ രീതിയിൽ അത്യധികം സന്തോഷം നൽകുന്നതായിരുന്നു, ഞങ്ങളുടെ കുടുംബം എന്നെന്നും ഓർമ്മകളിൽ സൂക്ഷിക്കുന്ന ഒരനുഭവം. എൻ്റെ കുഞ്ഞുമകൾ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി, ‘അങ്കിളിൻ്റെ പേരെന്താണ്?’ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ചിരിച്ചുകൊണ്ട് ലളിതമായി ‘മമ്മൂട്ടി’ എന്ന് മറുപടി പറഞ്ഞു. ആ എളിമയുള്ള മറുപടി ജീവിതകാലം മുഴുവൻ ഞങ്ങളുടെ ഹൃദയത്തിൽ വലിയ ഒരോർമ്മയായി തന്നെ ഞങ്ങൾ കുറിച്ചിട്ടു’. ബേസിൽ ജോസഫ് കുറിച്ചു.
‘അദ്ദേഹം സ്വന്തം കാമറയിൽ മോളുടെ കുറേ ചിത്രങ്ങളെടുത്തു, ഹൊപ്പിയും മമ്മൂക്കയും ചേർന്ന് ഒരുപാട് സെൽഫികൾ എടുത്തു. ഏതാനും മണിക്കൂറുകൾ അദ്ദേഹം ലോകത്തിന് ആരാണെന്നത് ഞങ്ങൾ തന്നെ മറന്നുപോയി. ഏറ്റവുമടുത്ത ഒരു സുഹൃത്തിനോടൊപ്പമിരിക്കുന്ന അനുഭവമാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിയത്. അദ്ദേഹം ഞങ്ങൾക്ക് നൽകിയ സ്നേഹവാത്സല്യങ്ങൾ വാക്കുകൾക്കതീതമാണ്. അങ്ങയുടെ ദയയ്ക്കും വാത്സല്യത്തിനും, എന്നെന്നും നിധിപോലെ മനസ്സിൽ സൂക്ഷിക്കാൻ ഒരന്തിനേരം ഞങ്ങൾക്ക് സമ്മാനിച്ചതിനും ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്ന് ഒരായിരം നന്ദി മമ്മൂക്ക.’ ബേസിൽ ജോസഫ് കൂട്ടിച്ചേർത്തു.