
കാന്താര ചാപ്റ്റർ 1 ന്റെ വിജയാഘോഷങ്ങൾക്കിടെ വേദനിക്കുന്ന ഓർമയായി ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ രാകേഷ് പൂജാരി. കാന്താരയിലെ തന്റെ ഭാഗം പൂർത്തീകരിച്ച ശേഷം ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33–കാരനായ രാകേഷ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ കോമഡി നമ്പറുകൾ രാകേഷിന്റേതായിരുന്നു.
സിനിമയിൽ പെപ്പെ എന്ന കഥാപാത്രത്തെയാണ് രാകേഷ് അവതരിപ്പിച്ചത്. കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേഷം കൂടിയായിരുന്നു ഇത്.
രാകേഷിന്റെ ഓര്‍മയ്ക്കായി കാന്താര പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നിൽ വലിയ കട്ടൗട്ടുകൾ അദ്ദേഹത്തിന്റെ ആരാധകർ സ്ഥാപിച്ചിരുന്നു. കൂടാതെ ‘കാന്താര’ ടീം രാകേഷ് പൂജാരിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
കർണാടക ഉഡുപ്പി സ്വദേശിയായ രാകേഷ് ‘കാന്താര’യ്ക്കു പുറമെ പയിൽവാൻ, ഇതു എന്ത ലോകവയ്യ എന്നീ കന്നഡ ചിത്രങ്ങളിലും പേട്കമ്മി, അമ്മേർ പൊലീസ് എന്നീ തുളു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ രാകേഷ് കോമഡി കില്ലാഡികളു 3 റിയാലിറ്റി ഷോ ജേതാവ് കൂടിയായിരുന്നു.