
ഷെയിന്‍ നിഗത്തിന്റെ സിനിമകളുടെ പോസ്റ്റർ നശിപ്പിക്കുന്നതിനെതിരെ പോലീസിൽ പരാതി നൽകുമെന്നറിയിച്ച് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. തിങ്കളാഴ്ച എല്ലാ തെളിവുകളോടും കൂടി പോലീസില്‍ പരാതിപ്പെടുമെന്നാണ് സന്തോഷ് കുരുവിള വ്യക്തമാക്കിയത്. തീയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്ന ഷെയിന്‍ നിഗം ചിത്രം ‘ബൾട്ടി’യുടെ പോസ്റ്റർ കീറിമാറ്റി മറ്റ് ചിത്രങ്ങളുടേത് പതിക്കുന്നുവെന്ന ആരോപണവുമായി സന്തോഷ് കുരുവിള കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘ബൾട്ടി’ക്കുപുറമേ ഷെയിൻ നിഗത്തിൻ്റെ തന്നെ ‘ഹാൽ’ എന്ന ചിത്രത്തിൻ്റേയും പ്രൊമോഷൻ സാമഗ്രികൾ നശിപ്പിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഷെയിൻ നിഗത്തെ നായകനാക്കി ഉണ്ണി ശിവലിംഗം സംവിധാനംചെയ്ത ‘ബൾട്ടി’ എന്ന ചിത്രത്തിൻ്റെ നിർമാതാവാണ് സന്തോഷ് ടി. കുരുവിള.
താൻ നിർമിച്ച മറ്റു ചിത്രങ്ങൾക്കൊന്നും ഇങ്ങനെ സംഭവിക്കുന്നില്ലെന്നും, ആരാണ് ഷെയിന്‍ എന്ന യുവ നടന്റെ വളർച്ചയിൽ അസ്വസ്ഥമാകുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ‘ബൾട്ടി’യുടെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ എന്ന് അവകാശപ്പെട്ട് ഏതാനും ചിത്രങ്ങളും സന്തോഷ് കുരുവിള പങ്കുവെച്ചിരുന്നു.
സന്തോഷ് കുരുവിളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി സിനിമാസ്വാദകർ രംഗത്തെത്തിയിരുന്നു. ഇതിൽ ഒരാൾ നിർമാതാവിനോട് നിയമവഴി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിൽ പരാതി നൽകണമെന്നായിരുന്നു നിർദേശം. ഇതിന് മറുപടി നൽകിയപ്പോഴാണ്, തിങ്കളാഴ്ച എല്ലാ തെളിവുകളുമായി പരാതി നൽകുമെന്ന് സന്തോഷ് കുരുവിള അറിയിച്ചത്.