
കാന്താര ചാപ്റ്റർ 1 ന്റെ മഹാ വിജയത്തിൽ പ്രതികരണം അറിയിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. 2016ല്‍ ഒരു ഈവനിങ് ഷോ കിട്ടാന്‍ പ്രയാസപ്പെട്ട ഇടത്ത് നിന്ന് 2025ല്‍ 5000ല്‍ അധികം ഹൗസ്‌ഫുള്‍ ഷോകളിലേക്ക് താനെത്തിയെന്ന് ഋഷഭ് പറഞ്ഞു. തന്റെ സമൂഹ മാധ്യമ പേജായ എക്‌സിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. 2016ല്‍ തന്റെ ആദ്യ സിനിമ ‘റിക്കി’ ഇറങ്ങിയ സമയത്ത് പോസ്റ്റ് ചെയ്ത കുറിപ്പും കൂടെ പങ്കു വെച്ചിട്ടുണ്ട്.
“2016ല്‍ ഒരു ഈവനിങ് ഷോ കിട്ടാന്‍ പ്രയാസപ്പെട്ട ഇടത്ത് നിന്ന് 2025ല്‍ 5000ല്‍ അധികം ഹൗസ്‌ഫുള്‍ ഷോകള്‍. ഈ യാത്ര നിങ്ങളുടെ സ്നേഹവും പിന്തുണയും ദൈവകൃപയും കൊണ്ട് മാത്രം സാധ്യമായതാണ്. ഇത് സാധ്യമാക്കിയ ഓരോ വ്യക്തിക്കും എന്നേക്കും നന്ദി,” ഋഷഭ് എക്സില്‍ കുറിച്ചു.
‘കാന്താര ചാപ്റ്റർ വണ്‍’ തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്. 2022ല്‍ ഇറങ്ങിയ ‘കാന്താര’യുടെ രണ്ടാം ഭാഗമായ സിനിമ ബിഗ് ബജറ്റിലാണ് അണിയിച്ചൊരുക്കിയത്. ഹൈപ്പിനൊപ്പം ചിത്രം ഉയർന്നുവെന്നാണ് പൊതുവേയുള്ള റിപ്പോർട്ടുകള്‍.
ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 60 കോടിക്ക് അടുത്താണ് കളക്ഷന്‍ നേടിയത്. സയ്യാരാ (22 കോടി രൂപ) , സിക്കന്ദർ (26 കോടി രൂപ), ഛാവാ (31 കോടി രൂപ) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഓപ്പണിങ് ഡേ കളക്ഷന്‍ സിനിമ മറി കടന്നിട്ടുണ്ട്. ഹൊംബാലെ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിലെത്തിച്ചത്.