
മക്കളില്ലാത്തതിനെക്കുറിച്ചും വർഷങ്ങളോളം ആ ആഗ്രഹത്തിനു പിന്നാലെ നടന്നതിനെക്കുറിച്ചുമെല്ലാം തുറന്നു സംസാരിച്ച് നടൻ സാജു നവോദയും ഭാര്യയും. വിശേഷം എന്ന സിനിമയിലെ പല സീനുകളും പലർക്കും തമാശയായിട്ടാണ് തോന്നിയതെന്നും, എന്നാൽ അതൊക്കെ തങ്ങളെ പോലുള്ളവർക്ക് ചങ്കിൽ കൊള്ളുന്ന സീനുകളാണെന്നും സാജു നവോദയ പറഞ്ഞു. വൺ ടു ടോക്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘വിശേഷം എന്ന സിനിമയിലെ പല സീനുകളും ആളുകൾക്ക് തമാശയായിരുന്നു. പക്ഷെ ഞങ്ങളെ പോലുള്ളവർക്ക് അതൊക്കെ ചങ്കിൽ കൊള്ളുന്ന സീനുകളാണ്. ആ സീനുകൾ കാണുമ്പോൾ പിടച്ചിലാണ്. കുറേ നാൾ അനുഭവിച്ചതാണ്. ഇപ്പോൾ എല്ലാ കുട്ടിയും ഞങ്ങളുടെ കുട്ടിയാണ്. കുട്ടികളില്ലല്ലോ എന്ന ഫീൽ ഞങ്ങൾക്കുണ്ടായിട്ടില്ല. എന്റെ വീട്ടിൽ നിന്നോ ഇയാളുടെ വീട്ടിൽ നിന്നോ അങ്ങനെ ഒരു പ്രശ്നങ്ങളുമില്ല. ഇത്രയും വയസായി. ഇനിയിപ്പോൾ കുട്ടിയുണ്ടായാൽ വളർത്തണ്ടേ. ഇനിയൊരു കുഞ്ഞായി അതിന് നല്ല പ്രായമെത്തുമ്പോൾ ഞങ്ങൾ ഏത് പ്രായത്തിലായിരിക്കും. അവർക്ക് പത്തോ പന്ത്രണ്ടോ വയസുള്ളപ്പോൾ ഞങ്ങളെ അവർ അനാഥാലയത്തിൽ കൊണ്ട് വിടേണ്ടി വരും’. സാജു നവോദയ പറഞ്ഞു.