
ജയിലിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നാരോപിച്ച് രേണുകാസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ ബെംഗളൂരു സിറ്റി കോടതിയെ സമീപിച്ചു. ഹർജിയുടെ അടിസ്ഥാനത്തിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു.
ജയിൽ മാന്വൽ അനുസരിച്ചുള്ള സൗകര്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദർശൻ നൽകിയ ഹർജിയിൽ, കഴിഞ്ഞ ഒൻപതാം തീയതി തന്നെ കോടതി നിർദേശം നൽകിയിരുന്നു. കിടക്ക, തലയണ എന്നിവ അനുവദിക്കണമെന്നും, ജയിലിന്റെ വളപ്പിൽ നടക്കാൻ സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, നിർദേശം പാലിക്കാത്തതിനെതിരെ വീണ്ടും ഹർജി സമർപ്പിച്ചിരിക്കുകയാണ് ദർശൻ. കേസ് അടുത്ത മാസം ഒൻപതിന് വീണ്ടും പരിഗണിക്കും.
ദർശന് ഹൈക്കോടതി മുമ്പ് ജാമ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കിയിരുന്നു. തുടർന്ന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം അറസ്റ്റിലായപ്പോഴും ദർശനെ ആദ്യം ഇതേ ജയിലിലായിരുന്നു പ്രവേശിപ്പിച്ചത്. അന്ന് ജയിൽ ഉദ്യോഗസ്ഥർ പ്രത്യേക സൗകര്യങ്ങൾ അനുവദിച്ചെന്നാരോപണം ഉയർന്നതിനെ തുടർന്ന് ബല്ലാരി ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും, സുപ്രീംകോടതി റദ്ദാക്കിയതോടെ വീണ്ടും ജയിലിലായി.
കഴിഞ്ഞവർഷം ജൂണിലാണ് രേണുകാസ്വാമിയെ കൊലപ്പെടുത്തിയ സംഭവം നടന്നത്. നടൻ ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേരെയാണ് കേസിൽ പോലീസ് അറസ്റ്റു ചെയ്തത്.