“ലാലേട്ടനെ കാണുമ്പോൾ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണ്”; ഋഷഭ് ഷെട്ടി

','

' ); } ?>

താനൊരു മോഹൻലാൽ ഫാൻ ആണെന്നും, അദ്ദേഹത്തെ കാണുമ്പോൾ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണെന്നും തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കൂടാതെ തന്റെ ഒരു ബന്ധുവിനെ കാണാൻ ലാലേട്ടനെ പോലെയാണെന്നും ആ ഒരു ഇമോഷണൽ ബന്ധം അദ്ദേഹവുമായി ഉണ്ടെന്നും ഋഷഭ് കൂട്ടിച്ചേർത്തു. മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ആദ്യമായി ആശംസ അറിയിച്ച താരങ്ങളിൽ ഒരാളായിരുന്നു ഋഷഭ് ഷെട്ടി. കാന്താര ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ ലാലേട്ടന്റെ വലിയ ഫാനാണ്. ലാലേട്ടനെ കാണുമ്പോൾ നമുക്ക് നമ്മുടെ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണ്. എന്റെ ഒരു മാമനെ കാണാൻ അദ്ദേഹത്തെ പോലെയാണ്. ആ ഒരു ഇമോഷണൽ ബന്ധവും അദ്ദേഹത്തോട് ഉണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. അദ്ദേഹത്തിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ എനിക്കേറെ സന്തോഷമുണ്ട്. അതുകൊണ്ടാണ് പുരസ്കാര വാർത്ത അറിഞ്ഞയുടനേ എന്റെ സോഷ്യൽ മീഡിയ ടീമിനോട് പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്റ് പങ്കുവച്ചത്. കൊല്ലൂർ മൂകാംബികയിൽ വെച്ച് ലാലേട്ടനെ ഒരിക്കൽ കണ്ടിരുന്നു. അന്ന് പകർത്തിയ ചിത്രമാണ് കൂടെ പങ്കുവച്ചത്”. ഋഷഭ് ഷെട്ടി പറഞ്ഞു.

കാന്താര ചാപ്റ്റർ 1 ഒക്ടോബർ 2നാണ് റിലീസിനെത്തുന്നത്. രാജ്യമൊട്ടാകെ 7,000 സ്ക്രീനുകളിൽ കാന്താര സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ൻ്റെ ചിത്രീകരണം മൂന്ന് വർഷം നീണ്ടിരുന്നു.