
ശബ്ദം കൊണ്ട് നാല് പതിറ്റാണ്ടിലേറെ ഇന്ത്യൻ സംഗീത ലോകത്തെ അനശ്വരമാക്കിയ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമകൾക്ക് 5 വയസ്സ്. ഭാഷകളുടെ അതിർ വരമ്പുകൾ ഭേദിച്ച് സംഗീത ലോകത്തിന് അയാൾ സമ്മാനിച്ച സംഭാവനകൾക്ക് ഇന്നും ഏഴഴകാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി 16 ഭാഷകളിലായി 50,000-ത്തിലധികം ഗാനങ്ങൾ. ലോകത്തിലെ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായകനെന്ന ഗിന്നസ് റെക്കോർഡും എസ്.പി.ബിക്ക് സ്വന്തം. ശൈലിയിലെ അത്ഭുതകരമായ മെയ് വഴക്കവും, ശബ്ദത്തിലെ മാധുര്യവും കൊണ്ട് അദ്ദേഹമിന്നും ഏറെ ഭംഗിയോടെ ഓർമയിൽ തെളിഞ്ഞിരിപ്പുണ്ട്. അദ്ദേഹം ജീവൻ നൽകിയ ഒരു പിടി ഗാനങ്ങൾ ഇന്നും തെളിമയോടെ ശോഭിച്ച് നിൽക്കുമ്പോൾ ശൂന്യതയുടെ ആഴങ്ങളിൽ അദ്ദേഹത്തെ തിരയേണ്ടതില്ല. “എന്തൻ ദേഹം മറയ്ന്താലും ഇസയായി മലർവേൻ…” എന്നദ്ദേഹം പാടിയ ഗാനം ഇന്നദ്ദേഹത്തിന്റെ ഓർമകൾക്കും മേലെ ഏറ്റവും ഭംഗിയായി താളമിടുന്നു. സംഗീതത്തിന്റെ മാന്ത്രികന് സെല്ലുലോയ്ഡിന്റെ ഓർമ്മപ്പൂക്കൾ.
ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം, ലോകം മുഴുവൻ അറിയപ്പെട്ടുപോന്ന പേര് – എസ്.പി.ബി. ബാലു എന്ന പേരിൽ സുഹൃത്തുക്കളും ആരാധകരും വിളിച്ച ആ ഗായക ശ്രേഷ്‌ഠൻ, ഒരു സാധാരണ ഗ്രാമത്തിലെ ബാല്യത്തിൽ നിന്ന് ലോകവേദികളിലേക്ക് ഉയർന്നു വന്ന ജീവിതം തന്നെ ഒരു സംഗീതരാഗമായിരുന്നു. 1946-ൽ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ജനിച്ച ബാലസുബ്രഹ്മണ്യം, ശക്തമായ കലാപാരമ്പര്യമുള്ള ഒരു വീട്ടിലെ കുട്ടിയായിരുന്നു. പിതാവ് ഹരികഥ കലാകാരനും അമ്മ സ്നേഹസാന്നിധ്യവുമായിരുന്നു. ആദ്യം എഞ്ചിനീയറാകണമെന്നായിരുന്നു ബാലുവിന്റെ സ്വപ്നം. ടൈഫോയ്ഡിനെത്തുടർന്ന് എഞ്ചിനീയറിംഗ് പഠനം തടസ്സപ്പെട്ടെങ്കിലും, സംഗീത മത്സരങ്ങളിൽ വിജയിച്ചുകൊണ്ട് ബാലു മുൻപോട്ടുപോയി. 1966-ൽ എസ്.പി. കോദണ്ഡപാണി സംഗീതം നൽകിയ “ശ്രീ ശ്രീ ശ്രീ മര്യാദാ രാമണ്ണ” എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
1981 ഫെബ്രുവരി 8 ആം തീയതി ഒരു ദിവസത്തിനുള്ളിൽ 28 കന്നഡ, 19 തമിഴ്, 16 ഹിന്ദി ഗാനങ്ങൾ റെക്കോർഡ് ചെയ്ത് അദ്ദേഹം സംഗീത ലോകത്തിന് തന്നെ റെക്കോർഡ് ഇട്ടു.
70-കളിൽ എം.എസ്. വിശ്വനാഥൻ, ഘണ്ടശാല, ദേവരാജൻ തുടങ്ങിയ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ച്, ബാലു ദക്ഷിണേന്ത്യയുടെ പ്രിയഗായകനായി മാറി. എം.ജി. രാമചന്ദ്രൻ മുതൽ ശിവാജി ഗണേശൻ വരെയും, പിന്നീട് സൽമാൻ ഖാൻ വരെയും അദ്ദേഹം ശബ്ദമായി.
1980-ൽ പുറത്തിറങ്ങിയ ശങ്കരാഭരണം ബാലുവിന്റെ ജീവിതം മാറ്റിമറിച്ചു. ശാസ്ത്രീയ സംഗീതപരിചയം ഇല്ലാതിരുന്നിട്ടും, അദ്ദേഹം ആലപിച്ച കൃതികൾ അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം സമ്മാനിച്ചു. തുടർന്ന് ‘ഏക് ദുജേ കേ ലിയേ, സാഗര സംഗമം, രുദ്രവീണ, ഹം ആപ്കെ ഹേ കോൻ’ തുടങ്ങി അനവധി ചിത്രങ്ങൾ ബാലുവിനെ സംഗീതലോകത്തിന്റെ കേന്ദ്രത്തിൽ എത്തിച്ചു.
90-കളിൽ സൽമാൻ ഖാന്റെ സ്ഥിരം ശബ്ദമായി അദ്ദേഹം മാറി. ‘മൈനെ പ്യാർ കിയ, ഹം ആപ്കെ ഹേ കോൻ’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ആലാപനങ്ങൾ രാജ്യത്തെ യുവജനങ്ങളുടെ ഹൃദയസ്പന്ദനമായി. തമിഴിൽ എ.ആർ. റഹ്മാന്റെ ‘റോജ, മിൻസാര കനവ്’ തുടങ്ങിയ ചിത്രങ്ങൾ ബാലുവിന്റെ ശബ്ദം പുതുതലമുറയിലേക്ക് കൊണ്ടുപോയി.
പിന്നണി ഗായകനെന്ന നിലയിൽ മാത്രം അല്ല, സംഗീതസംവിധായകൻ, നടൻ, അവതാരകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, നിർമ്മാതാവ് – എല്ലായിടത്തും ബാലു തന്റെ മിടുക്കു തെളിയിച്ചു. കമൽഹാസന്റെ നിരവധി കഥാപാത്രങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ അനവധി നടന്മാരുടെ സംഭാഷണങ്ങൾ ബാലുവിന്റെ ശബ്ദത്തിലൂടെ ജീവൻ കണ്ടെത്തി. ടെലിവിഷനിലും ബാലു സുപരിചിത മുഖമായി. ‘പാടുത തീയാ’ഗ പോലുള്ള റിയാലിറ്റി ഷോകൾ അദ്ദേഹത്തെ പുതിയ തലമുറയുമായി ബന്ധിപ്പിച്ചു. അനവധി പുതുമുഖ ഗായകർക്ക് വേദി ഒരുക്കിയതാണ് അദ്ദേഹത്തിന്റെ വലിയ സംഭാവനകളിൽ ഒന്ന്.
ആറ് ദേശീയ ചലച്ചിത്ര അവാർഡുകൾ, 25 ആന്ധ്രാപ്രദേശ് സംസ്ഥാന നന്ദി അവാർഡുകൾ, നിരവധി തമിഴ്‌നാട്, കർണാടക സംസ്ഥാന പുരസ്‌കാരങ്ങൾ, നാല് സൗത്ത് ഫിലിംഫെയർ അവാർഡുകൾ, ഒരൊറ്റ ഫിലിംഫെയർ. 2001-ൽ പത്മശ്രീ, 2011-ൽ പത്മഭൂഷൺ, 2021-ൽ മരണാനന്തരം പത്മവിഭൂഷൺ. 2016-ൽ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡും, 2015-ൽ കേരള സർക്കാരിന്റെ ഹരിവരാസനം അവാർഡും തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി.
എത്ര ഉയരങ്ങളിലെത്തിയാലും, ബാലു അത്ഭുതകരമായ ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്നു. ഒരിക്കൽ എസ്.ജാനകിയുടെ ശൈലി ലഭിക്കാനായി, ഒരു പാട്ട് ഒരുപാട് തവണ റെക്കോർഡ് ചെയ്തതിന്റെ കഥ അദ്ദേഹം തുറന്നു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആത്മ സമർപ്പണത്തിന്റെ തെളിവായിരുന്നു അത്. “ആയിരം പാട്ടുകൾ വേണ്ട, ഒരൊറ്റ പാട്ട് മതിയെന്നു തോന്നുന്ന ദിവസം വരണം” – എന്നാണ് അതിനെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത്.
2020 സെപ്റ്റംബർ 25 – സംഗീതലോകം നിശ്ശബ്ദമായി. ഇന്ത്യയുടെ ഹൃദയങ്ങളിൽ നാല്പതു വർഷത്തിലേറെ മുഴങ്ങിയിരുന്ന ആ ശബ്ദം അന്നു നിലച്ചു. കോവിദഃ ബാധിച്ച് ആശുപത്രിയിലെത്തിച്ച അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് വിടവാങ്ങി. തമിഴ്‌നാട് സർക്കാർ സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണവാർത്ത ഇന്ത്യയെ നടുക്കി. സംഗീതലോകം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു – ബാലുവിനെ പോലൊരു ശബ്ദം ഇനി വരില്ല. പകരക്കാരില്ലാത്ത വിധം അദ്ദേഹം ബാക്കി വെച്ച ശൂന്യത ഭീകരമായി നില നിൽക്കും.
എസ്.പി.ബി ഇന്ന് ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ ശബ്ദം നമ്മുടെ ജീവിതത്തിന്റെ അനവധി നിമിഷങ്ങളോടൊപ്പം ജീവിക്കുന്നു. പ്രണയിക്കുമ്പോഴും, കരയുമ്പോഴും, ആഘോഷിക്കുമ്പോഴും, ആത്മീയത തേടുമ്പോഴും, ബാലുവിന്റെ പാട്ട് നമ്മെ തേടി വരും. “ഒരു നിലാവ് പെയ്തിറങ്ങുന്നത് പോലെ” – അതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. ശാശ്വതമായ, എല്ലായിടത്തും നമ്മോടൊത്ത് നടക്കുന്ന ഒരു പ്രകാശം. സംഗീത സാമ്രാട്ട് എസ് പി ബാലസുബ്രഹ്മണ്യത്തിന് ഒരിക്കൽ കൂടി ഹൃദയത്തിൽ നിന്നും ഓർമ്മ പൂക്കൾ.