
ഈ വർഷത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (CCL) കേരള സ്ട്രൈക്കേഴ്സിനെ നടൻ ഉണ്ണി മുകുന്ദൻ നയിക്കും. ഉണ്ണിമുകുന്ദൻ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വിവരം കേരള സ്ട്രൈക്കേഴ്സിന്റെ കോ-ഓണറായ രാജ്കുമാർ സേതുപതിയാണ് അറിയിച്ചത്. ഉണ്ണിമുകുന്ദന്റെ ജന്മദിനത്തിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാമ്പ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. അതോടൊപ്പം മറ്റ് താരങ്ങളെയും ടീം മാനേജ്മെന്റ് പ്രഖ്യാപിക്കും.
‘ക്രിക്കറ്റിനോടുള്ള ഉണ്ണിമുകുന്ദന്റെ പാഷൻ തന്നെയാണെന്ന് അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ കാരണം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സിനൊപ്പം കളിക്കുന്ന താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ടൂർണമെൻ്റുകളിലും വിവിധ ക്ലബുകളിലുമുള്ള കളിക്കുള്ള അനുഭവവും ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവും അദ്ദേഹത്തിനുണ്ട്’. രാജ്കുമാർ സേതുപതി പറഞ്ഞു.
ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) നവംബറിൽ ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി എന്നീ എട്ടു ഭാഷാ സിനിമാ ലോകത്തെ താരങ്ങളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. 2014-ലും 2017-ലും കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സ്-അപ്പായിരുന്നു.
ഈ തവണ പഴയ താരങ്ങളോടൊപ്പം പുതിയ മുഖങ്ങളെയും ഉൾപ്പെടുത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക.