
തന്റെ നൂറാമത്തെ സിനിമയെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ പ്രിയദർശൻ. തന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹൻലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും നായകനായി ചിന്തിക്കാൻ കഴിയില്ലെന്നും പ്രിയദർശൻ പറഞ്ഞു. കൂടാതെ തന്റെ ആദ്യത്തെ ചിത്രത്തിലെയും നൂറാമത്തെ ചിത്രത്തിലെയും നായകൻ മോഹൻലാലാണെന്നുള്ളത് സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹൻലാലിന് ഒപ്പമാണ്. കാരണം ഞാൻ ഇന്ന് എന്താണോ അതിനെല്ലാം കാരണക്കാരൻ മോഹൻലാൽ ആണ്. അദ്ദേഹം എന്നെ സിനിമകൾ എടുക്കാൻ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്റെ കരിയറിനെ മോഹൻലാൽ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കൾ ആണെങ്കിലും സിനിമ ചെയ്യുമ്പോൾ മോഹൻലാലിന് ഒരുപാട് ഓപ്ഷൻസ് ഉണ്ട്. കാരണം അത് അയാളുടെ കൂടെ ജീവിതം ആണ്. അതുകൊണ്ട് തന്നെ എന്റെ നൂറാമത്തെ സിനിമയ്ക്ക് മോഹൻലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല. എന്റെ ആദ്യത്തെ സിനിമയിൽ മോഹൻലാൽ ആയിരുന്നു നായകൻ നൂറാമത്തെ സിനിമയിലും മോഹൻലാൽ ആകും നായകൻ. ഇത്തരമൊരു കാര്യം ലോകത്ത് മറ്റൊരു നടന്റെയും സംവിധായകന്റെയും കാര്യത്തിൽ സംഭവിച്ചിട്ടില്ല’, പ്രിയദർശൻ പറഞ്ഞു.
1984 ൽ പുറത്തിറങ്ങിയ ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’യാണ് ഇരുവരുടെയും ആദ്യ ചിത്രം. ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ മായിരുന്നു ഇരുവരുടെയും ഒടുവിലിറങ്ങിയ ചിത്രം. മോഹൻലാലിനൊപ്പം 44 നും മേലെ സിനിമകളിൽ പ്രിയദർശൻ ഒന്നിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാൻ, അക്ഷയ് കുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഹൈവാൻ’ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദർശൻ ചിത്രം.മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം.