
തമിഴ് ചലച്ചിത്ര താരം റോബോ ശങ്കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽ ഹാസൻ. തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് താരത്തിന്റെ പ്രതികരണം. “നീ എന്റെ ഇളയ സഹോദരനാണ്. നീ എന്നെ ഉപേക്ഷിച്ച് പോകുകയാണോ?”എന്ന് കമൽ ഹസൻ കുറിച്ചു.
‘റോബോ ശങ്കർ, റോബോ എന്ന് ഒരു വിളിപ്പേര് മാത്രമാണ്. എൻ്റെ നിഘണ്ടുവിൽ നിങ്ങൾ ഒരു മനുഷ്യനാണ്. അതിനാൽ, നീ എന്റെ ഇളയ സഹോദരനാണ്. നീ എന്നെ ഉപേക്ഷിച്ച് പോകുകയാണോ? നിന്റെ ജോലി കഴിഞ്ഞു നീ മടങ്ങി. എന്റേത് ഇനിയും ബാക്കിയുണ്ട്’. കമൽ ഹസൻ കുറിച്ചു.
നടൻ വിജയ്‍യും ശങ്കറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.’റോബോ ശങ്കറിന്റെ മരണവാർത്ത അറിഞ്ഞത് വൻ ഞെട്ടലോടെയാണ്. ടി വി പ്രോഗ്രാമിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയപ്പോഴും അദ്ദേഹത്തിന്റെ തമാശ കൊണ്ടും അഭിനയമികവ് കൊണ്ടും തന്റേതായ സ്ഥാനം ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയെടുത്ത വ്യക്തിയായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നു റോബോ. കുടുംബത്തിനും സുഹൃത്തുകൾക്കും ഇത് താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ.’, വിജയ് കുറിച്ചു.
നടന്മാരായ ധനുഷ്, ശിവകാർത്തികേയൻ, വിജയ് ആന്റണി, എം എസ് ഭാസ്കർ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ നടന് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തിയിരുന്നു. മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ ധനുഷ് റോബോ ശങ്കറിന്റെ വീട്ടിൽ എത്തിയിരുന്നു. കരച്ചിലടക്കാനാകാതെ റോബോ ശങ്കറിനെ അവസാനമായി കണ്ടു നിൽക്കുന്ന ധനുഷിനെ വീഡിയോകളിൽ കാണാം. നടനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജയെയും വീഡിയോയിൽ കാണാം. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം ധനുഷ് വീട്ടിൽ നിന്ന് മടങ്ങി.
വ്യാഴാഴ്ച ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ വേണ ശങ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു.
2007 ൽ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് ‘റോബോ ശങ്കർ’ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജിൽ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കർ എന്നപേരു ലഭിച്ചത്. സ്റ്റാർ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. വിജയ് സേതുപതി നായകനായ ‘ഇതർക്കുതനെ അസൈപ്പെട്ടൈ ബാലമുരുക’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷംചെയ്‌തു. ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.
ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കർ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. ടെലിവിഷൻ താരം പ്രിയങ്കയാണ് ഭാര്യ. മകൾ ഇന്ദ്രജ ഏതാനും സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.