
മലയാള സിനിമയുടെ നവീന കാലഘട്ടത്തെ നിർവ്വചിക്കുമ്പോൾ ഏറ്റവും മുൻപന്തിയിലുളള പേരുകളിൽ ഒന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടേതാണ്. മലയാള സിനിമയെ വ്യത്യസ്ത കോണുകളിലൂടെ നോക്കി കണ്ട് പ്രേക്ഷകരിലേക്കെത്തിക്കുകയും, കയയടി വാങ്ങുകയും ചെയ്ത സംവിധായകർ കുറവാണ്. അത്തരത്തിൽ ചേർത്തു വെക്കാൻ നൂറു ശതമാനവും യോഗ്യതയുള്ള സംവിധായകനാണ് ലിജോ ജോസ്. തന്റെ ഓരോ സിനിമയിലൂടെയും മലയാള സിനിമയെ ദേശാടനത്തിന്റെ അതിർത്തികൾക്കപ്പുറം എത്തിച്ച സംവിധയകന് ഇന്ന് 47-ആം ജന്മദിനമാണ്. ലിജോ ജോസ് പെല്ലിശേരിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1978 സെപ്റ്റംബർ 18-ന് തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് ലിജോ ജോസിന്റെ ജനനം. ലിജോയുടെ കലാജീവിതം പരസ്യ ചിത്രങ്ങളിലൂടെയാണ് ആരംഭിച്ചത്. മനോജ് പിള്ളയുടെ സഹായിയായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് ‘3’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. 2007-ലെ പിക്സ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പട്ടികയിൽ ഇടം നേടിയതോടെ, ഫീച്ചർ സിനിമയുടെ ലോകത്തേക്ക് കടക്കാനുള്ള ആത്മവിശ്വാസം ലിജോയ്ക്ക് ലഭിച്ചു.
2010-ൽ പുറത്തിറങ്ങിയ ‘നായകനാണ്’ അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. കഥകളി കലാകാരന്റെ പ്രതികാരകഥ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. എന്നാൽ, പുതിയൊരു ഭാഷാശൈലിയുള്ള സംവിധായകൻ എത്തിയെന്ന തിരിച്ചറിവ് സിനിമാലോകത്തിന് നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ലിജോയുടെ രണ്ടാമത്തെ ചിത്രം ‘സിറ്റി ഓഫ് ഗോഡ്’ (2011) മലയാളത്തിലെ ആദ്യകാല ഹൈപ്പർലിങ്ക് സിനിമകളിൽ ഒന്നായിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാർവതി, റിമ കല്ലിങ്കൽ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും വാണിജ്യപരമായി പരാജയപ്പെട്ടു.
2013-ൽ പുറത്തിറങ്ങിയ ‘ആമേൻ’ അദ്ദേഹത്തിന്റെ കരിയറിലെ വലിയ മാറ്റത്തിന് വഴി തെളിയിച്ചു. സംഗീതവും വിസ്മയവും കലർന്ന ആ ചിത്രം വലിയൊരു വാണിജ്യവിജയമായിരുന്നു. അടുത്ത ചിത്രം ‘ഡബിൾ ബാരൽ’ (2015) പരീക്ഷണാത്മകമായ ദൃശ്യശൈലി സ്വീകരിച്ചെങ്കിലും, അത് വലിയ തോതിൽ പ്രേക്ഷക അംഗീകാരം നേടാനായില്ല. എന്നാൽ, അതിന്റെ പിന്നാലെ വന്ന ‘അങ്കമാലി ഡയറീസ്’ (2017) ലിജോയെ മലയാള സിനിമയുടെ മുൻനിര സംവിധായകരിൽ ഒരാളാക്കി ഉയർത്തി. അങ്കമാലി ഡയറീസ് – 86 പുതുമുഖങ്ങളെയും 11 മിനിറ്റ് ദൈർഘ്യമുള്ള തടസ്സമില്ലാത്ത ഷോട്ടിനെയും കൊണ്ട് മലയാള സിനിമയിലെ നിർണ്ണായകമായ മാറ്റത്തിന് വഴിയൊരുക്കി.
2018 ൽ പുറത്തിറങ്ങിയ ‘ഈ.മ.യൗ’ രണാനന്തര സാമൂഹ്യചടങ്ങളിലൂടെ ജീവിതത്തിന്റെ വൈവിദ്ധ്യങ്ങൾ തുറന്നു കാണിച്ച ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെ ലിജോയ്ക്ക് മികച്ച സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ്, IFFI-ൽ സിൽവർ പീക്കോക്ക് എന്നിവ നേടാൻ സാധിച്ചു.
തമിഴ്നാട്ടിലെ ഗ്രാമജീവിതത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യന്റെ പ്രാചീന സ്വഭാവത്തെ തുറന്ന് കാട്ടിയ ചിത്രമായിരുന്നു 2019 ലെ ‘ജല്ലിക്കട്ട്’. ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടു, കൂടാതെ 93-ാമത് ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
ദ്വന്ദ്വത്വവും മാനസിക വിചിത്രതകളും തേടിയെത്തിയ ലിജോയുടെ മറ്റൊരു പരീക്ഷണ ചിത്രമായിരുന്നു 2021 ലെ ‘ചുരുളി’. തുടർന്ന് മമ്മൂട്ടി നായകനായെത്തിയ സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അതിർത്തികളെ ചോദ്യം ചെയ്ത ചിത്രമായിരുന്നു 2023 ലെ ‘നൻപകൽ നേരത്ത് മയക്കം’. ചിത്രം 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. പിന്നീട് വന്ന
മലൈക്കോട്ടൈ വാലിബൻ (2024) വിപുലമായ കഥാപ്രകടനവും ദൃശ്യ വൈഭവവും കാഴ്ച വെച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – മികച്ച സംവിധായകൻ (2017, 2019), IFFI സിൽവർ പീക്കോക്ക് (2018, 2019), ഫിലിംഫെയർ – മികച്ച സംവിധായകൻ (മലയാളം), കെഐഎഫ്എഫ് സിൽവർ ക്രോ ഫെസന്റ്. പ്രേക്ഷക പോൾ അവാർഡ് – ചുരുളിക്കായി (2020) എന്നീ പുരസ്‌കാരണങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ലിജോയുടെ സിനിമകളെ വേറിട്ട് നിർത്തുന്നത് അദ്ദേഹത്തിന്റെ കഥ പറയുന്ന രീതി തന്നെയാണ്. ദീർഘമായ സിംഗിൾ ടേക്കുകൾ, നോൺ-ലീനിയർ ആഖ്യാനശൈലി, പുതുമുഖ അഭിനേതാക്കളെ ധൈര്യത്തോടെ അവതരിപ്പിക്കൽ, പ്രാദേശിക കഥകളെ സർവ്വലോകീയമായ രീതിയിൽ അവതരിപ്പിക്കൽ, തുടങ്ങിയവയാണ് അദ്ദേഹത്തെ മലയാള സിനിമയിലെ സമകാലീന തലമുറയിലെ ഏറ്റവും സൃഷ്ടിപരനായ സംവിധായകനാക്കി മാറ്റിയത്.
ഇന്ന് ലിജോ ജോസ് പെല്ലിശ്ശേരി 47-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദി പറയാതെ വയ്യ. സിനിമയെ പരീക്ഷണങ്ങളിലൂടെ വളർത്തി, ലോക സിനിമയിൽ മലയാളത്തിന്റെ സ്ഥാനം ഉയർത്തിയ സംവിധായകനെന്ന നിലയിലാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ഒരിക്കൽ കൂടി ലിജോ ജോസിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.