
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം ‘ലോകയെ’ വിമർശിച്ച് മുരളി തുമ്മാരുകുടി. കഥയില്ല എന്നതാണ് സിനിമയുടെ പോരായ്മയെന്നും സിനിമ കഴിഞ്ഞ് തിയറ്ററിൽ നിന്നും പോരുമ്പോൾ ഒരു കഥാപാത്രവും കൂടെ പോരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. തന്റെ സമൂഹ മാധ്യമ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻറെ വിമർശനം.
“ഇന്നലെ ലോക കണ്ടു. നീലിയുടെ പാരമ്പര്യമായിട്ടാണ് കഥ പറഞ്ഞുവെയ്ക്കുന്നത്. ദുബായിൽ ദെയ്റ സിറ്റി സെന്ററിലെ മാക്സ് തിയറ്ററിൽ, ഗംഭീരമായ സൗണ്ട് സംവിധാനങ്ങളെല്ലാം ഉണ്ട്. നൂറു കോടി, ഇരുന്നൂറു കോടി എന്നൊക്കെ കേട്ടിരുന്നെങ്കിലും തിയറ്ററിൽ അധികം ആളൊന്നും ഉണ്ടായിരുന്നില്ല. യക്ഷിക്കഥ ആകുമ്പോൾ പേടിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അത് അസ്ഥാനത്തായിരുന്നു എന്ന് വഴിയേ മനസ്സിലായി. ശരിക്കും പേടിക്കേണ്ടതാണ്. സത്യത്തിൽ ചിരിയാണ് വന്നത്. കള്ളിയാങ്കാട്ടെ നീലിയുടെ ‘കണ്ണുകളിൽ ഇപ്പോഴും തീനാളമുണ്ടെന്ന് കാട് പറയുന്നതും കാറ്റു പറയുന്നതും കവിത പറയുന്നതും കള്ളം”. മുരളി തുമ്മാരുകുടി കുറിച്ചു.
“സൂപ്പർ വുമണും, യക്ഷിക്കഥയും, കുന്തങ്ങളും, മെഷീൻ ഗണ്ണും, പുജ ദ്രവ്യങ്ങളും, കഞ്ചാവും, പഴയ രാജാവും പുതിയ ഹോം മിനിസ്റ്ററും, ചാത്തനും ഗരുഡ ഫോഴ്സും, എന്തിന് എൻഐഎ വരെ ഉണ്ട്. പട്ടിയുണ്ട്, പൂച്ചയുണ്ട്. പട്ടിയും പൂച്ചയും ഒക്കെ നന്നായി അഭിനയിച്ചിട്ടുമുണ്ട്. അതിൻ്റിടയിൽ കഥാപാത്രങ്ങൾക്കൊന്നും അഭിനയത്തിന്റെ ആവശ്യമില്ല. ഒരു കഥ അന്വേഷിച്ചു നടക്കുന്ന കഥാപാത്രങ്ങളെ ആണ് രണ്ടര മണിക്കൂർ തിയറ്ററിൽ കണ്ടത്. തിയറ്ററിൽ നിന്നും പോരുമ്പോൾ ഒരു കഥാപാത്രവും കൂടെ പോരുന്നില്ല. അവസാന ഭാഗം ഒക്കെ ആകുമ്പോൾ മൊത്തം വയലൻസ് ആണ്. സാങ്കേതിക വിദ്യകളുടെ സാധ്യതകൾ മുഴുവൻ ഉപയോഗിച്ചിട്ടുണ്ട്”. മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു.