
കുട്ടിക്കാലത്ത് ഇഡ്‌ലി കഴിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് അനുഭവം പറഞ്ഞ് നടൻ ധനുഷ്. പൂക്കള്‍ ശേഖരിച്ച് വിറ്റാണ് ഇഡ്‌ലി കഴിക്കാനുള്ള കാശുണ്ടാക്കിയതെന്നാണ് ധനുഷ് പറഞ്ഞത്. പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ വൻ ട്രോളുകളും പരിഹാസങ്ങളുമാണ് ധനുഷിനെതിരെ വന്നു കൊണ്ടിരിക്കുന്നത്. പബ്ലിസിറ്റിക്കുവേണ്ടി കള്ളം പറയരുതെന്നും ‘ധനുഷ് ഒരു സംവിധായകന്റെ മകനാണ്, അദ്ദേഹത്തിന് പണമില്ലായിരുന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണ്’- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
‘ഇഡ്‌ലി കടൈ’ എന്ന പുതിയ ചിത്രത്തിന്റെ ചെന്നൈയിൽ വച്ച് നടന്ന ഓഡിയോ ലോഞ്ചിൽ വെച്ചായിരുന്നു ധനുഷിന്റെ വാക്കുകൾ.
“കുട്ടിക്കാലത്ത് എനിക്ക് ദിവസവും ഇഡ്‌ലി കഴിക്കാന്‍ വലിയ കൊതിയായിരുന്നു. പക്ഷേ അത് വാങ്ങാന്‍ പൈസയില്ലായിരുന്നു. അതുകൊണ്ട് അയല്‍പക്കങ്ങളില്‍ നിന്ന് പൂക്കള്‍ ശേഖരിക്കും. ഓരോ ദിവസവും ഞങ്ങള്‍ ശേഖരിക്കുന്ന പൂക്കളുടെ അളവ് അനുസരിച്ചായിരുന്നു ഞങ്ങള്‍ക്ക് പണം കിട്ടിയിരുന്നത്. ഞാനും എന്റെ സഹോദരിയും മറ്റും പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറിലധികം പൂക്കള്‍ ശേഖരിക്കും’- ധനുഷ് പറഞ്ഞു.
‘രണ്ടു രൂപയിലേറെയായിരുന്നു ഇതിന് ഞങ്ങള്‍ക്ക് കിട്ടിയത്. അതിനുശേഷം, ഞങ്ങള്‍ അടുത്തുള്ള ഒരു പമ്പ് സെറ്റില്‍ പോയി കുളിച്ച്, ഒരു തോര്‍ത്ത് മാത്രം ഉടുത്ത് പ്രധാന റോഡിലൂടെ നടക്കും. ആ പണത്തിന് ഞങ്ങള്‍ക്ക് നാലോ അഞ്ചോ ഇഡ്‌ലി കിട്ടും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിക്കും രുചിക്കും മുകളില്‍ മറ്റൊന്നുമില്ല. എന്റെ കുട്ടിക്കാലത്ത് കിട്ടിയിരുന്ന ആ സന്തോഷവും രുചിയും ഇന്നത്തെ റെസ്റ്റോറന്റുകളിലെ ഭക്ഷണത്തില്‍നിന്ന് എനിക്ക് കിട്ടുന്നില്ല”- ധനുഷ് കൂട്ടിച്ചേർത്തു.
തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ കസ്തൂരി രാജയുടെ മകന് ഇത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടോ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. കുട്ടിക്കാലത്തെ ദാരിദ്ര്യമാണ് ധനുഷ് പറയുന്നത്. അതിനര്‍ഥം കസ്തൂരി രാജ അക്കാലത്ത് ധനുഷിനും കുടുംബത്തിനും കാശ് ഒന്നും നല്‍കാറുണ്ടായിരുന്നില്ലേ?’- എന്നാണ് ചിലരുടെ സംശയം. പബ്ലിസിറ്റിക്കുവേണ്ടി കള്ളം പറയരുതെന്നും ചിലര്‍ ധനുഷിനോട് പറയുന്നുണ്ട്.
നിങ്ങളുടെ അമ്മ വീട്ടിൽ ഇഡ്‌ലി ഉണ്ടാക്കിയിരുന്നില്ലേ?’, ‘നിങ്ങൾക്ക് 8-9 വയസുള്ളപ്പോൾ, നിങ്ങളുടെ അച്ഛൻ 4-5 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അപ്പോഴാണ് നിങ്ങൾ പറയുന്നത്, ഇഡ്‌ലി വാങ്ങാൻ കയ്യിൽ കാശില്ലെന്ന് വെറുതെ സംസാരിക്കാൻ വേണ്ടി ഓരോന്ന് പറയരുത്’,
അതേസമയം ധനുഷിനൊപ്പം നിത്യ മേനോൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാർഥിപൻ, സമുദ്രക്കനി, രാജ്കിരൺ എന്നിവരും ഇഡ്‌ലി കടൈയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബർ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും.