“മമ്മൂട്ടി ചിത്രം ‘സാമ്രാജ്യം’ റീ റിലീസ് ചെയ്യുന്നത് സംവിധായകനറിയാതെ”; പ്രതികരിച്ച് സംവിധായകൻ ജോ മോൻ

','

' ); } ?>

മമ്മൂട്ടി ചിത്രം ‘സാമ്രാജ്യം’ റീ റിലീസ് ചെയ്യുന്നതു സംബന്ധിച്ച് താനുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ജോമോൻ.
ട്രെയിലറിലെ ദൃശ്യങ്ങളുടെ വ്യക്‌തതക്കുറവു സംബന്ധിച്ച് വൻ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം റീറിലീസ് ചെയ്യുന്നതു സംബന്ധിച്ച് നിർമാതാക്കളായ ആരിഫ പ്രൊഡക്ഷൻസ് തന്നോട് ഒന്നും ചർച്ച ചെയ്തിട്ടില്ലെന്ന് ജോമോൻ പറഞ്ഞു. അതേ പോലെ ചിത്രത്തിൻ്റെ രണ്ടാംഭാഗമായി സാമ്രാജ്യം-2 നിർമാണം തുടങ്ങിയപ്പോഴും ജോമോൻ്റെ അനുമതി വാങ്ങുകയോ അഭിപ്രായം തേടുകയോ ചെയ്‌തിരുന്നില്ല. തമിഴിൽനിന്നുള്ള സംവിധായകൻ ഒരുക്കിയ ഈ സിനിമ വൻപരാജയമായി മാറിയിരുന്നു. ജോമോനാണ് രണ്ടാംഭാഗവും ഒരുക്കിയതെന്നു കരുതിയ പലരും അക്കാലത്ത് വിളിച്ച് പരാതി പറഞ്ഞിരുന്നു.

സാമ്രാജ്യത്തിന്റെ 4കെ ഡോൾബി അറ്റ്മോസ് പതിപ്പിന്റെ ട്രെയിലർ യൂട്യൂബിൽ ഏതാനും ദിവസങ്ങൾക്കുമുൻപ് പുറത്തുവന്നിരുന്നു. ‘സാമ്രാജ്യം’ ഫോർ കെ റിലീസ് ഒക്ടോബറിലേക്ക് മാറ്റിയിട്ടുണ്ട്. സെപ്റ്റംബർ 19നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ, റീമാസ്‌റ്ററിങ് ജോലികൾ തീരാൻ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത്.

മമ്മൂട്ടിയെ ‘അലക്സാണ്ടറെ’ന്ന സ്റ്റൈലിഷ് കഥാപാത്രമായി അവതരിപ്പിച്ച സാമ്രാജ്യം 1990ലാണ് തീയറ്ററുകളിലെത്തിയത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്‌തത് ജോമോനായിരുന്നു. 4K ഡോൾബി അറ്റ്‌മോസിൽ ആണ് ചിത്രം റീ മാസ്‌റ്റർ ചെയ്യുന്നത്. ആരിഫ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ അജ്‌മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ ഏഴിനാണ് സിനിമയുടെ റീറിലീസ് ട്രെയിലർ പുറത്തിക്കിയത്.

1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ‘സാമ്രാജ്യം”, അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ മുതൽ മുടക്കിൽ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമാണ്. അൾട്രാ സ്‌റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രം, അതിൻ്റെ മേക്കിങ് മികവ് കൊണ്ടും വലിയ പ്രേക്ഷക പ്രശംസ നേടി.

ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.