
തന്റെയും ഭാര്യയുടെയും ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നും, ആരും പണം അയക്കരുതെന്നും വ്യക്തമാക്കി കന്നഡ നടനും സംവിധായകനുമായ ഉപേന്ദ്ര. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ഉപേന്ദ്ര തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈനായി വാങ്ങിയ ഉത്പന്നം ഡെലിവര്‍ ചെയ്യാന്‍ എന്ന വ്യാജേന വിളിച്ച ഫോണ്‍ കോള്‍ വഴിയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ഇന്ന് രാവിലെ ഭാര്യ പ്രിയങ്കയുടെ ഫോണില്‍ വന്ന ഒരു കോള്‍ വന്നു. അവള്‍ വാങ്ങിയ ഉത്പന്നം ലഭിക്കാനായി ചില ഹാഷ്ടാഗുകളും നമ്പറുകളും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. ഹാക്കര്‍ അവളുടെ ഫോണ്‍ ഹാക്ക് ചെയ്യുകയായിരുന്നു. ഇതറിയാതെ പ്രിയ തന്നോടും ഇത് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ രണ്ട് പേരുടേയും ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കരുതുന്നു. പണം ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ക്ക് മറുപടി ആരും അയക്കരുത്. പരാതി നല്‍കാന്‍ പോവുകയാണ്’. ഉപേന്ദ്ര വീഡിയോയില്‍ വ്യക്തമാക്കി.
അഭിനേതാവായ പ്രിയങ്കയും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സംഭവത്തെക്കുറിച്ച് ആരാധകരെ അറിയിച്ചിട്ടുണ്ട്. അടുത്തിടെ നടി ലക്ഷ്മി മഞ്ജു, ഉണ്ണി മുകുന്ദന്‍ എന്നിവരും ഹാക്കിങ്ങിന്റെ പ്രശ്‌നം അനുഭവിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടത് കാരണം സന്ദേശങ്ങളെ ജാഗ്രതയോടെ കാണണം എന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചത്.