
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 200-ലധികം സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേത്രിയാണ് “രമ്യ കൃഷ്ണൻ”. ഇന്നും സിനിമകളിലും സീരിയലുകളിലും താരം സജീവമാണ്. മലയാളത്തിലൂടെ തുടക്കം കുറിച്ചെങ്കിലും, തമിഴിലും തെലുങ്കിലും വലിയ വിജയങ്ങൾ നേടി അവർ ഇന്ത്യൻ സിനിമയുടെ മുൻനിര നടിമാരിൽ ഒരാളായി മാറി. നാല് പതിറ്റാണ്ടായി ഭാഷാ ഭേദമന്യേ ഇന്ത്യൻ സിനിമയ്ക്ക് രമ്യ നൽകിയ സംഭാവനകൾ ചെറുതല്ല. നായികയായും, അമ്മയായും, ദേവിയായും, പ്രതി നായികയായും ലഭിച്ച വേഷങ്ങളൊക്കെ തന്റേതായ രീതിയിൽ മറ്റൊരു നായികയെ സങ്കൽപ്പിക്കാൻ കഴിയാത്ത വിധം അവർ മികച്ചതാക്കി. തന്റെ ഏറ്റവും മികച്ച രണ്ടു വില്ലന്മാരിൽ ഒരാൾ “പടയപ്പയിലെ” നീലാംബരിയെന്നായിരുന്നു സൂപ്പർസ്റ്റാർ രജനികാന്ത് ഒരിക്കൽ പറഞ്ഞിരുന്നത്. നാല് പതിറ്റാണ്ടുകൾക്കടുത്തു നീളുന്ന കരിയറിലൂടെ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച രമ്യ ഇന്ന് തന്റെ 55 ആം ജന്മദിനമാഘോഷിക്കുകയാണ്. തെന്നിന്ത്യയുടെ താര റാണിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1970 സെപ്റ്റംബർ 15-ന് ചെന്നൈയിൽ ഒരു തെലുങ്ക് കുടുംബത്തിലാണ് രമ്യയുടെ ജനനം. കുടുംബപരമായി സിനിമയുമായി ബന്ധം ഉണ്ടായിരുന്നതിനാൽ ബാല്യകാലം മുതൽ അഭിനയത്തിനോടുള്ള ആകർഷണം ഉണ്ടായിരുന്നു. പ്രശസ്ത നടനും മുൻ രാജ്യസഭാംഗവുമായ ചോ. രാമസ്വാമിയുടെ മരുമകൾ കൂടിയാണ് രമ്യ കൃഷ്ണൻ.
തന്റെ 13-ആം വയസ്സിൽ തന്നെ രമ്യ കൃഷ്ണൻ സിനിമാ രംഗത്തേക്ക് പ്രവേശിച്ചിട്ടുണ്ട്. മലയാളത്തിലെ ‘നേരം പുലരുമ്പോൾ’ (1986) ആണ് അഭിനയിച്ച ആദ്യ ചിത്രം, എങ്കിലും ചിത്രത്തിന്റെ റിലീസ് വൈകിയതിനാൽ. ആദ്യം റിലീസായ സിനിമ തമിഴിലെ “വെള്ളൈ മനസ്സ്” (1985) ആയിരുന്നു. പിന്നീട് 1986-ൽ “ഭലേ മിത്രുലുയിലൂടെ” തെലുങ്കിലേക്ക്. ആദ്യകാലത്ത് നായികാ വേഷങ്ങൾ ചെയ്തെങ്കിലും തുടക്കത്തിൽ വലിയ വിജയങ്ങളൊന്നും നേടാനായില്ല.
1980കളിൽ മോഹൻലാലിനൊപ്പം “ഓർക്കപ്പുറത്ത്, ആര്യൻ, അനുരാഗി”എന്നിവയിൽ അഭിനയിച്ചു. ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെടുകയും മലയാളത്തിലെ മുൻ നിര നായികയിലേക്ക് മലയാളികൾ രാമായയെ സ്വാഗതം ചെയ്യുകയും ചെയ്തു. പിന്നീട് ഹിന്ദിയിൽ ‘വിനോദ് ഖന്ന’യുടെ ‘ദയാവാൻ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും ചെയ്തു.
1989-ൽ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ‘സൂത്രധരുലു’ വഴിയാണ് രമ്യക്ക് വലിയ അംഗീകാരം ലഭിച്ചത്. തുടർന്ന് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിന്റെ ചിത്രങ്ങളിലൂടെ വാണിജ്യ നായികയായി വളർന്നു. അല്ലുഡുഗരു (1990), അല്ലാരി മൊഗുഡു (1992), മേജർ ചന്ദ്രകാന്ത് (1993), അല്ലാരി പ്രിയുഡു (1993) തുടങ്ങിയ ഹിറ്റുകൾ അവരെ തെലുങ്കിലെ മുൻനിരയിലെത്തിച്ചു. 1997-ൽ അന്നമായയിൽ നാഗാർജുനയുടെ ഭാര്യയായി അവതരിപ്പിച്ച വേഷം ഏറെ പ്രശംസിക്കപ്പെട്ടു. 1998-ൽ പുറത്തിറങ്ങിയ ‘കാന്റെ കൂത്തുർനെ കാനുയിലെ’ അഭിനയത്തിന് ആന്ധ്രാപ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് നേടി.
കന്നഡ സിനിമയിലും അവർ ശ്രദ്ധേയയായി. ഗഡിബിഡി ഗന്ധ (1993), മാംഗല്യം തന്തുനാനേന (1998) എന്നിവ വലിയ വിജയങ്ങളായിരുന്നു.
ഹിന്ദി സിനിമയിലും ചില പ്രധാന അവസരങ്ങൾ ലഭിച്ചു. ഖൽനായക് (1993), ചാഹത് (1996), ബനാരസി ബാബു (1997), ബഡേ മിയാൻ ഛോട്ടേ മിയാൻ (1998) എന്നിവയിൽ അഭിനയിച്ചു.
നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം 1999-ൽ രജനീകാന്തിനൊപ്പം അഭിനയിച്ച പടയപ്പയിലെ “നീലാംബരി’ എന്ന വേഷം കരിയറിലെ വലിയ വഴിത്തിരിവായി. കഥാപാത്രത്തിനും ചിത്രത്തിലെ സംഭാഷണങ്ങൾക്കും ഇന്നും ആരാധകരേറെയാണ്. നെഗറ്റീവ് ഷേഡുള്ള ശക്തമായ സ്ത്രീകഥാപാത്രം തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രത്തിലെ പ്രകടനത്തിന്
മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് – തമിഴ്, തമിഴ്നാട് സംസ്ഥാന അവാർഡ് പ്രത്യേക സമ്മാനം എന്നിവ നേടി.
തുടർന്ന് ‘ബജറ്റ് പത്മനാഭൻ, പഞ്ചതന്ത്രം’ തുടങ്ങിയ വിജയകരമായ ചിത്രങ്ങളിൽ അഭിനയിച്ചു. ഭക്തിപ്രധാന സിനിമകളിൽ (രാജകാളി അമ്മൻ, നാഗേശ്വരി, ശ്രീ രാജരാജേശ്വരി) അവർ ആരാധകരുടെ പ്രിയങ്കരിയായി. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ഒരേ കടൽ (2007) ദേശീയ അവാർഡ് നേടിയിരുന്നു. ടിവി പരിപാടികളിലും അവർ സജീവമായി. തങ്ക വേട്ടൈ (Sun TV) അവതരിപ്പിച്ചു, ജോഡി നമ്പർ വൺ (Vijay TV) വിധികർത്താവായി.
2015-ൽ എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ‘ബാഹുബലി: ദി ബിഗിനിംഗ്, തുടർന്ന് ബാഹുബലി: ദി കൺക്ലൂഷൻ’ (2017) എന്നിവയിലെ ‘രാജമാതാ ശിവഗാമി’ എന്ന വേഷം രമ്യ കൃഷ്ണനെ ദേശീയതലത്തിൽ സൂപ്പർ താരമായി ഉയർത്തി. ശക്തമായ അഭിനയത്തിന് ഫിലിംഫെയർ, നന്ദി അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
2019-ൽ ത്യാഗരാജൻ കുമാരരാജിന്റെ ‘സൂപ്പർ ഡീലക്സിൽ’ പോൺ താരമായി അഭിനയിച്ച് ധൈര്യമായ വേഷം ചെയ്തു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലും ക്വീൻ (2019) വഴി ശ്രദ്ധ നേടി. 2022-ൽ ലിഗർ, 2023-ൽ രജനീകാന്തിനൊപ്പം ജയിൽർ എന്നിവയിൽ അഭിനയിച്ചു.
തുടക്കത്തിൽ ഗ്ലാമർ വേഷങ്ങളിലൂടെയായിരുന്നു രമ്യ ശ്രദ്ധ നേടിയിരുന്നത്. പിന്നീട് അമ്മ വേഷങ്ങളും ദൈവിക കഥാപാത്രങ്ങളും അവതരിപ്പിച്ചു.
നെഗറ്റീവ് ഷേഡുള്ള ശക്തമായ സ്ത്രീകളെയും അതീവ കരുത്തോടെ അവതരിപ്പിച്ചു. കോമഡി, ആക്ഷൻ, ഡ്രാമ, ഭക്തി, പീരിയഡിക്, വെബ് സീരീസ് തുടങ്ങി എല്ലാ മേഖലകളിലും രമ്യ തന്റെ കഴിവ് തെളിയിച്ചു.
2003 ജൂൺ 12-ന് തെലുങ്ക് സംവിധായകൻ കൃഷ്ണ വംശിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകനുണ്ട്. സിനിമയിലും കുടുംബജീവിതത്തിലും തുല്യമായി മുന്നേറുന്ന അപൂർവ്വ താരങ്ങളിൽ ഒരാളാണ് രമ്യ.
നന്ദി അവാർഡ് (1998, 2009, 2015), തമിഴ്നാട് സംസ്ഥാന അവാർഡ് (1999),ഫിലിംഫെയർ അവാർഡ് സൗത്ത് (മികച്ച നടി, മികച്ച സഹനടി), SIIMA, ഐഐഎഫ്എ, ആനന്ദ വികടൻ, ബിഹൈൻഡ്വുഡ്സ് അവാർഡ്, 2017-ൽ മലയാള സിനിമയിലെ ആടുപുലിയാട്ടം മുഖേന SIIMA-യിൽ മികച്ച സഹനടി നാമനിർദ്ദേശം നേടി. തുടങ്ങി നിരവധി പുരസ്കാരങ്ങൾ രമ്യ സ്വന്തമാക്കിയിട്ടുണ്ട്.
സിനിമാ ലോകത്ത് നാല് പതിറ്റാണ്ടിലേറെ നീളുന്ന അസാധാരണ കരിയർ സ്വന്തമാക്കിയ നടിയാണ് രമ്യ കൃഷ്ണൻ. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും തമിഴിലും തെലുങ്കിലും അവർ വളർന്നത്, പിന്നീട് ബോളിവുഡിലും ശ്രദ്ധ നേടി. പടയപ്പയിലെ നീലാംബരിയും ബാഹുബലിയുടെ ശിവഗാമിയും ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഓർമ്മിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളാണ്. ഇന്നും അവർ സിനിമകളിലും വെബ് സീരീസുകളിലും തിരക്കുള്ള താരമാണ്. ഇന്ന് 55-ാം ജന്മദിനത്തിൽ രമ്യ കൃഷ്ണനെ അഭിനന്ദിക്കുന്നു – അവർക്ക് മുന്നിലുള്ള വർഷങ്ങളും പുതുവഴിത്തിരിവുകൾ നിറഞ്ഞതാവട്ടെ. ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.