
സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി. സിനിമയില്‍ നിലനില്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ആവശ്യമാണെന്ന് താന്‍ കരുതിയിരുന്നുവെന്നും, എന്നാല്‍ അത് തന്റെ ചെറിയ സന്തോഷങ്ങളെപ്പോലും ബാധിച്ചുവെന്നും ഐശ്വര്യ പറഞ്ഞു. കൂടാതെ വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുത്തുകൊണ്ടാണ് താന്‍ സാമൂഹികമാധ്യമങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നതെന്നും നടി വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ‘സോഷ്യല്‍മീഡിയില്‍ ഇല്ല’ എന്ന് ബയോയും ഐശ്വര്യ മാറ്റി.
“ഈ രംഗത്ത് പിടിച്ചുനിൽക്കാൻ സാമൂഹികമാധ്യമങ്ങൾ അത്യാവശ്യമാണെന്ന് ഞാൻ വളരേക്കാലമായി വിശ്വസിച്ചിരുന്നു. ഞാൻ ജോലിചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, കാലത്തിനൊത്ത് സഞ്ചരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതി. എന്നാൽ, നമുക്ക് സഹായമാവുമെന്ന് കരുതിയ ഒന്ന് നേരെ തിരിഞ്ഞ് ഞാൻ അതിന് വേണ്ടി എന്ന അവസ്ഥയിലെത്തിച്ചു. എന്റെ എല്ലാ മൗലിക ചിന്തകളെയും ഇല്ലാതാക്കി, എൻ്റെ പദസമ്പത്തിനെയും ഭാഷയെയും ബാധിച്ചു. ഒപ്പം മറ്റെല്ലാ ചെറിയ സന്തോഷങ്ങളെയും ആനന്ദമില്ലാത്തതാക്കി മാറ്റി.
ഒരു സ്ത്രീ എന്ന നിലയിൽ, പാകപ്പെടുത്തലുകളെയും നിയന്ത്രണങ്ങളെയും കുറിച്ച് ബോധവതിയാകാൻ പോലും എനിക്ക് ഒരുപാട് പരിശീലനം ആവശ്യമായി വന്നിട്ടുണ്ട്. അതിനെ ചെറുക്കാൻ അതിലും കഠിനമായി പരിശീലിച്ചു. കുറച്ച് കാലത്തിന് ശേഷം എനിക്കുണ്ടാകുന്ന ആദ്യത്തെ മൗലികമായ ചിന്തയാണിത്. വിസ്‌മരിക്കപ്പെടാനുള്ള ഒരു സാധ്യത ഞാൻ ഇവിടെ ഏറ്റെടുക്കുകയാണ്, ഇന്നത്തെ കാലത്ത് ‘ഗ്രാമിൽ’ ഇല്ലെങ്കിൽ ഓർമയിലും ഇല്ലല്ലോ”.ഐശ്വര്യ കുറിച്ചു.