
ശാരീരികവും മാനസീകവുമായി നിരവധി പീഡനങ്ങൾ കാമുകൻ മുഖേന അനുഭവിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ ജസീല പർവീൺ. ഡോൺ തോമസ് എന്നയാളാണ് തന്നെ ക്രൂരമായി മർദിച്ചെന്നും മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമായി വന്നെന്നും ജസീല കൂട്ടിച്ചേർത്തു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചു താരം തുറന്നുപറഞ്ഞത്.
‘2024 ഡിസംബർ 31ന് ന്യൂയർ പാർട്ടിക്കുശേഷം ഡോൺ തോമസ് വിതയത്തിലും ഞാനും തമ്മിൽ ഒരു വാക്കു തർക്കം ഉണ്ടായി. അതിനിടെ, അയാൾ എൻറെ വയറ്റിൽ രണ്ടുതവണ ചവിട്ടി. എന്റെ മുഖത്ത് വള ചേർത്തു വച്ച് പലതവണ ഇടിച്ചു. മുഖം മുറഞ്ഞു, പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാൾ വിസമ്മതിച്ചു. പക്ഷേ പിന്നീട് അയാൾ എന്നെ ആശുപത്രിയിൽ എത്തിച്ചു. ഞാൻ വീണുവെന്ന് കള്ളം പറഞ്ഞാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാളുടെ പേരിൽ ഞാൻ പരാതി നൽകി. കേസ് ഇപ്പോൾ നടക്കുകയാണ്’. ജസീല കുറിച്ചു
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ. മുപ്പത്തിരണ്ടുകാരിയായ താരം കൂർഗ് സ്വദേശിനിയാണ്. മലയാളം ടെലിവിഷൻ മേഖലയിൽ സജീവമായശേഷമാണ് താരം കേരളത്തിൽ താമസമാക്കിയതും മലയാളം സംസാരിക്കാൻ തുടങ്ങിയതും. ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ ജസീല സോഷ്യൽ മീഡിയയിലും സജീവമാണ്.