മലയാളത്തിന്റെ “നടന” സൗന്ദര്യം; ദിവ്യ ഉണ്ണിക്ക് ജന്മദിനാശംസകൾ

','

' ); } ?>

മലയാള സിനിമയിൽ 1990-കളുടെ മധ്യത്തിൽ നിന്ന് 2000-ങ്ങളുടെ ആദ്യത്തിലേക്ക് വരെ ഒരു കാലഘട്ടം ഭംഗിയായി നിറഞ്ഞുനിന്ന പേരാണ് ദിവ്യ ഉണ്ണി. നായികയായി, ബാലതാരമായി, അവതാരികയായി, പിന്നീടൊരുപ്രശസ്ത നൃത്ത അധ്യാപികയായി—കലയുടെ വിവിധ മേഖലകളിൽ അവർ നിറഞ്ഞാടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായി ഏകദേശം അൻപതോളം സിനിമകളിൽ അഭിനയിച്ച അവർ, ഇന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണിലെ “ശ്രീപാദം സ്കൂൾ ഓഫ് ആർട്സ്” എന്ന സ്ഥാപനത്തിലൂടെ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറുകയാണ്.

അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും നേടിയ ഇരട്ട വിജയങ്ങൾ, വ്യക്തിജീവിതത്തിലെ ഉയർച്ചകളും വീഴ്ചകളും, പിന്നെ കലയുടെ വഴിയിലൂടെ കണ്ടെത്തിയ ആത്മീയ സംതൃപ്തിയും. ഇന്നും മലയാളയ്കൾക്ക് പ്രിയപ്പെട്ട നായികമാരിൽ ഒരാൾ തന്നെയാണ് ദിവ്യ ഉണ്ണി. ഏതൊരു കഥാപാത്രത്തോടും പെട്ടെന്നിണങ്ങാനുള്ള വൈവിധ്യം അവരുടെ കലയിൽ പ്രകടമായിരുന്നു. മലയാളത്തിന്റെ സ്വന്തം നായിക ദിവ്യ ഉണ്ണിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1981-ൽ കൊച്ചിയിലാണ് ദിവ്യ ഉണ്ണിയുടെ ജനനം. കലാസമ്പന്നമായൊരു കുടുംബ പശ്ചാത്തലമായിരുന്നു ദിവ്യയുടേത്. അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണനും അമ്മ കിഴക്കേ മഠത്തിൽ ഉമാദേവിയുമാണ്. അമ്മ ഉമാദേവി ഒരു സംസ്കൃത അധ്യാപികയും ഗിരിനഗറിലെ ഭവൻസ് വിദ്യാ മന്ദിറിലെ സംസ്കൃത വിഭാഗത്തിന്റെ മേധാവിയുമായിരുന്നു. അധ്യാപനരംഗത്തെ മികച്ച സംഭാവനകൾക്ക് 2013-ൽ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് ദേശീയ അധ്യാപക അവാർഡ് അവർ ഏറ്റുവാങ്ങിയിട്ടുണ്ട്. ദിവ്യയുടെ സഹോദരി വിദ്യാ ഉണ്ണിയും കുറച്ച് മലയാള സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.

ഗിരിനഗറിലെ ഭവൻസ് വിദ്യാ മന്ദിറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടി. ബാലതാരമായാണ് ദിവ്യ ഉണ്ണിയുടെ തുടക്കം. വെറും രണ്ടാമത്തെ വയസ്സിൽ തന്നെ ദിവ്യ സിനിമാലോകത്തേക്കു കടന്നുവന്നു. ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983) എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി ആദ്യമായി വേഷമിട്ടു. തുടർന്ന്, നീയത്ര ധന്യ (1987), കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി (1991), ഓ ഫാബി, സൗഭാഗ്യം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. വിനയൻ സംവിധാനം ചെയ്ത ഇനിയൊന്നു വിശ്രമിക്കട്ടെ എന്ന ടെലിവിഷൻ സീരിയലിലും അവർ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. അങ്ങനെ ബാല്യകാലം മുതൽ തന്നെ ദിവ്യ അഭിനയവും കലയും തമ്മിൽ ചേർന്ന് വളർന്നു.

ദിവ്യ ഉണ്ണി നായികയായി അരങ്ങേറ്റം കുറിച്ചത് 1996-ൽ വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ്. അന്ന് അവർ വെറും 14 വയസ്സുകാരിയായിരുന്നു. ദിലീപ്, കലാഭവൻ മണി, ജഗദീഷ് തുടങ്ങിയ താരങ്ങൾക്കൊപ്പമായിരുന്നു ദിവ്യയുടെ അരങ്ങേറ്റ നായികാവേഷം. ശരാശരി മലയാള നായികമാരേക്കാൾ ഏറെ ഉയരമുള്ള (5’11.5”) അവർ, ആ കാലഘട്ടത്തിൽ തന്നെ വ്യത്യസ്തമായൊരു പ്രതിച്ഛായ നേടി. ഉടൻ തന്നെ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി മാറി.

1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും, ദിവ്യയുടെ പേരിൽ ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ പുറത്തുവന്നു.
പ്രണയവർണ്ണങ്ങൾ (1998, സിബി മലയിൽ) – സുരേഷ് ഗോപിയോടൊപ്പം. ചുരം (1997, ഭരതന്റെ അവസാന ചിത്രം) – മനോജ് കെ. ജയനോടൊപ്പം.
ആകാശഗംഗ (1999, വിനയൻ) – ഭീതിജനകമായ ഇരട്ടവേഷം. ഫ്രണ്ട്സ്, ഉസ്താദ്, വർണ്ണപ്പകിട്ട്, കാരുണ്യം, ഒരു മറവത്തൂർ കനവ് തുടങ്ങിയ സിനിമകളിലും അവർ ശ്രദ്ധേയമായി. ദിവ്യ അഭിനയിച്ച കഥാപാത്രങ്ങൾ, ഭാവപ്രകടനങ്ങളുടെയും നിഷ്കളങ്കമായ പെർഫോമൻസിന്റെയും മിശ്രിതമായിരുന്നു. ഭരതൻ, ഐ.വി. ശശി, സിബി മലയിൽ, ലോഹിതദാസ് തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ച അനുഭവം അവരുടെ കരിയറിന് ഉറച്ച അടിത്തറയായി.

നായികയേക്കാൾ കൂടുതൽ നർത്തകി എന്ന തിരിച്ചറിയലാണ് ദിവ്യ ഉണ്ണിക്ക് സ്വന്തം. മൂന്നാം വയസ്സിൽ ഭരതനാട്യം പഠനം ആരംഭിച്ച അവർ, പിന്നീട് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം നേടി. 1990, 1991 വർഷങ്ങളിൽ കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകയായി തെരഞ്ഞെടുക്കപ്പെട്ടത്, അവരുടെ നൃത്തവൈഭവത്തിന്റെ തെളിവായിരുന്നു. ദൂരദർശനിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഇന്ത്യൻ ഫോക് ഡാൻസ് തുടങ്ങി വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ച അവർ, ഇന്ത്യയിലെ വിവിധ കലോത്സവങ്ങളിൽ പങ്കെടുത്തു. പിന്നീട് വടക്കേ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് തുടങ്ങി വിദേശരാജ്യങ്ങളിലുമെത്തി ഇന്ത്യൻ കലാരൂപങ്ങളുടെ പ്രാധാന്യം പകർന്നു. ഹ്യൂസ്റ്റണിൽ സ്ഥാപിച്ച ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് വഴി, ഇന്ത്യയിൽ നിന്നകന്നിരുന്നാലും, നൃത്തത്തിനും സംസ്കാരത്തിനും അവർ നൽകിയ സംഭാവന വളരെ വിലപ്പെട്ടതാണ്.

സിനിമയും നൃത്തവും മാത്രമല്ല, ദിവ്യ ടെലിവിഷൻ അവതാരികയായും പ്രവർത്തിച്ചു. അമേരിക്കൻ ജാലകം (ഏഷ്യാനെറ്റ്), അമേരിക്ക ടുഡേ (കൈരളി ടിവി), പ്രവാഹം, പൂമോട്ടുകൾ (ഡിഡി മലയാളം) തുടങ്ങി നിരവധി പരിപാടികളിൽ അവതാരികയായി. കോമഡി സ്റ്റാർസ് സീസൺ 3, ടോപ്പ് സിംഗർ സീസൺ 2, സ്റ്റാർ മാജിക് തുടങ്ങിയ പരിപാടികളിൽ ജഡ്ജിയായും പ്രവർത്തിച്ചു.

2002-ൽ ദിവ്യ ഉണ്ണി സുധീർ ശേഖറുമായി വിവാഹിതയായി. വിവാഹശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അവർ, സിനിമയിൽ നിന്നും കുറച്ച് കാലത്തേക്ക് വിട്ടുനിന്നു. ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. പിന്നീടാ വിവാഹജീവിതം പിരിഞ്ഞു. ശേഷം മുംബൈയിലെ മലയാളിയായ അരുൺകുമാറിനെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ അവർക്കൊരു മകനുണ്ട്. 2013-ൽ മുസാഫിർ എന്ന സിനിമയിലൂടെ, ദിവ്യ സിനിമാലോകത്തേക്ക് വീണ്ടും തിരിച്ചുവന്നെങ്കിലും, അത്ര സജീവമായില്ല. എന്നാൽ നൃത്തമാണ് ഇപ്പോൾ അവരുടെ പ്രധാനജീവിതധാര.

ദിവ്യ ഉണ്ണിയുടെ കലാജീവിതം മലയാള സിനിമയുടെ ഒരു തലമുറയെ പ്രതിനിധീകരിക്കുന്നു. അഭിനയത്തിൽ നിന്നു വിട്ടുനിന്നാലും, നൃത്തത്തിലൂടെ ഇന്ത്യൻ സംസ്കാരത്തിന്റെ ദൂതയായി ലോകമെമ്പാടും അവർ അറിയപ്പെടുന്നു. ഇന്ന്, ജന്മദിനത്തിൽ, ദിവ്യ ഉണ്ണിയെ ഒരിക്കൽ കൂടി മലയാള സിനിമയും നൃത്തലോകവും സ്നേഹത്തോടെ ഓർക്കുന്നു. മലയാള സിനിമയിൽ 1990-കളിൽ അവർ സമ്മാനിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തഴുകിക്കിടക്കുന്നു. അതോടൊപ്പം, ലോകമെമ്പാടുമുള്ള ഇന്ത്യൻ കലാപാരമ്പര്യത്തിന്റെ പ്രചരിപ്പിക്കലിൽ അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഭാവി തലമുറയ്ക്ക് വലിയൊരു മാതൃകയാണ്. കലയുടെ ഇരട്ടമുഖങ്ങൾ—അഭിനയവും നൃത്തവും—സമന്വയിപ്പിച്ച കലാകാരി എന്ന നിലയിൽ, ദിവ്യ ഉണ്ണിയുടെ ജീവിതവും യാത്രയും എന്നും മലയാളത്തിന്റെ അഭിമാനമായിരിക്കും. ദിവ്യ ഉണ്ണിക്ക് ഒരികകൾ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.