71-ാം നെഹ്‌റു ട്രോഫി വള്ളംകളി; ചുണ്ടൻവള്ളങ്ങളിലെ ലാലേട്ടനെ നയിക്കാൻ നടൻ രഞ്ജിത്ത് സജീവ്

','

' ); } ?>

71-ാം നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടനെ നയിക്കാനൊരുങ്ങി നടന്‍ രഞ്ജിത്ത് സജീവ്. ചുണ്ടൻവള്ളങ്ങളിലെ ലാലേട്ടൻ എന്ന് വിളിപ്പേരുള്ള മത്സരവള്ളമാണ് കാരിച്ചാൽ ചുണ്ടൻ. 16 വര്‍ഷം നെഹ്‌റു ട്രോഫി ജേതാക്കളായവരാണ് കാരിച്ചാല്‍ ചുണ്ടന്‍. യുണൈറ്റഡ് കിങ്ഡം ഓഫ് കേരള, ഖല്‍ബ്, ഗോളം, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത് സജീവ്.

‘ഹാഫ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയാണ് രഞ്ജിത്ത് തുഴച്ചിൽക്കാർക്കൊപ്പം പരിശീലനത്തിൽ ചേർന്നത്. മത്സരവള്ളത്തിൽ ആദ്യമായാണ് കയറുന്നതെന്നും, 16 തവണ ജേതാക്കളായ വള്ളത്തിന്റെ ക്യാപ്റ്റനാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും രഞ്ജിത്ത് സജീവ് പറഞ്ഞു. കൂടാതെ വള്ളത്തിൽ നിൽക്കാൻ പ്രത്യേക താളവും ബാലൻസും വേണമെന്നും അത് തനിക്ക് പെട്ടെന്നുതന്നെ പഠിച്ചെടുക്കാൻ കഴിഞ്ഞെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

കാരിച്ചാല്‍ കരയില്‍ രൂപവത്കരിച്ച കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ ചുണ്ടന്‍ തുഴയുന്നത്. കഴിഞ്ഞതവണ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് വള്ളം തുഴഞ്ഞത്. 1970-ൽ നീറ്റിലിറക്കിയ കാരിച്ചാൽ ചുണ്ടൻ ഇരട്ടഹാട്രിക് ഉൾപ്പെടെയാണ് 16 തവണ ജേതാക്കളായത്. ജല ചക്രവർത്തിയെന്നും കാരിയെന്നും വള്ളംകളിപ്രേമികൾ കാരിച്ചാൽ ചുണ്ടനെ വിശേഷിപ്പിക്കാറുണ്ട്. പലപ്പോഴായി പുതുക്കിപ്പണിത ഈ ചുണ്ടൻ്റെ ഏതാനും ഭാഗംമാത്രം നിലനിർത്തി രണ്ടുവർഷംമുമ്പ് പുത്തൻവള്ളം നിർമിച്ചു. പഴയ കാരിച്ചാൽ ചുണ്ടന്റെ അതേരൂപത്തിൽ തനിപ്പകർപ്പ് പുനഃസൃഷ്‌ടിക്കുകയിരുന്നു.