
ലക്ഷദ്വീപിലെ കവരത്തി ഫുട്ബോള്‍ അസോസിയേഷനിലേക്ക് കായികോപരണങ്ങള്‍ വിതരണം ചെയ്ത് സിനിമാ അഭിനേത്രിയും കായികതാരവുമായ പ്രാചി ടെഹ്ലാന്. തന്റെ പേരില്‍ ആരംഭിച്ച പ്രാചി ടെഹ്ലാന് ഫൗണ്ടേഷന്റെ കായികവികസന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കുള്ള പരിശീലനക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫുട്ബോള്‍ കിറ്റും ജേഴ്സിയുമടങ്ങുന്ന കായികോപരണങ്ങൾ താരം സംഭാവന ചെയ്തത്.
കായികം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിലൂടെ യുവ പ്രതിഭകളെ വളര്‍ത്തി മുന്നോട്ടുകൊണ്ടുപോകാനും പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളെ പിന്തുണയ്ക്കാനും പ്രവര്‍ത്തിക്കുന്ന സാമൂഹിക സംരംഭമാണ് പ്രാചി ടെഹ്ലാന് ഫൗണ്ടേഷന് (പി.ടി.എഫ്). മാമാങ്കം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയും മുന്‍ ദേശീയ കായികതാരവുമായ പ്രാചി ടെഹ്ലാന് 2010-11ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബാസ്കറ്റ്ബോളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ ഡല്‍ഹിക്കാരി.