
ജനപ്രിയ പരമ്പരകളിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ‘പ്രിയദർശിനി മേനോൻ’.
അഞ്ചുകൊല്ലം മുന്നേ സീരിയൽ മേഖലയിൽ നിന്ന് താനനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് പ്രിയദർശിനി സമൂഹമാധ്യമത്തിലൂടെ ഒരു ലൈവ് പോയിരുന്നു. ഇപ്പോഴിതാ ആ ലൈവിന് പിന്നിലുണ്ടായ കാരണങ്ങളും, അതിന്നും ഡിലീറ്റ് ചെയ്യാത്തതിനെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചിരിക്കുകയാണ് ‘പ്രിയദർശിനി മേനോൻ’. വർക്ക് ചെയ്തോണ്ടിരുന്ന സീരിയലിലെ ഡയറക്ടർ വൃത്തികെട്ടവനായിരുന്നെന്നും, സെറ്റിൽ തന്നെ മാനസികമായി ഒറ്റപെടുത്തിയെന്നും പ്രിയദർശിനിമേനോൻ വെളിപ്പെടുത്തി .സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായ കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴാണ് ഞാൻ ലൈവിട്ടത്. ചില വ്യക്തികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് കൂട്ട് നിൽക്കാത്തത് കൊണ്ട് നമ്മളെ ദ്രോഹിക്കുക,സെറ്റിൽ ഒറ്റപ്പെടുത്തുക, അഭ്യൂസ് ചെയ്യുക, എന്നിങ്ങനെ. ആദ്യത്തെ രണ്ടു കൊല്ലം കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ സീരിയലിന്റെ അവസാനത്തിനോടടുത്തപ്പോൾ അത് വല്ലത്തൊരു ട്രോമാറ്റിക് എക്സ്പീരിയൻസ് ആയിപ്പോയി. അത് കൊണ്ട് അവിടന്ന് ഇറങ്ങണം എന്ന് തന്നെ കരുതിയാണ് ഞാൻ ലൈവ് പോയത്”. പ്രിയദർശിനി പറഞ്ഞു.
“അതിനു ശേഷം ഡയറക്ടർ ഒരുപാട് തവണ എന്റെ അടുത്ത് വന്ന് മാപ്പു പറഞ്ഞിട്ടുണ്ട്. അയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട്, ഇത് പുറത്തറിയരുത്, ലൈവ് ഡിലീറ്റ് ചെയ്യണം, കാലു പിടിച്ച് മാപ്പ് പറയാം എന്നൊക്കെ. അപ്പോഴും ഞാൻ പറഞ്ഞു, ഭാര്യയും കുട്ടികളുമുള്ളത് മറക്കരുത് അവർ ഇമ്പോർട്ടന്റാണ്. ആ ഡയറക്ടർ ഇപ്പോൾ ജീവനോടെയില്ല, പക്ഷെ അയാൾ ജീവനോടെയില്ല എന്ന ഒറ്റക്കാരണം കൊണ്ട് അയാളെ പറ്റി നല്ലത് പറയാൻ എനിക്ക് പറ്റുന്നില്ല”. പ്രിയദർശിനി കൂട്ടിച്ചേർത്തു.