“അക്രമാസക്തമായ രംഗങ്ങൾ ചിത്രത്തിലുണ്ട്”; കൂലി’ക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകിയതിന്റെ കാരണങ്ങൾ വിശദമാക്കി സിബിഎഫ്‌സി

','

' ); } ?>

രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലി’ക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകിയതിന്റെ കാരണങ്ങൾ വിശദമാക്കി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി). അക്രമാസക്തമായ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്നും അതിനാൽ മുതിർന്നവർക്കുമാത്രമേ കാണാനാകൂവെന്ന് സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും വിലയിരുത്തിയതായി ബോർഡ് വ്യക്തമാക്കി. സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ ജസ്റ്റിസ് ടി.വി. തമിഴ്‌സെൽവിയുടെ ബെഞ്ചിനു മുൻപാകെയാണ് വിശദീകരണം നൽകിയത്.

സിബിഎഫ്സി ഉദ്യോഗസ്ഥനും നാലംഗങ്ങളും ഉൾപ്പെടുന്ന പരിശോധനാ സമിതി ആദ്യം സിനിമകണ്ട് ‘എ’സർട്ടിഫിക്കറ്റ് മാത്രമേ നൽകാനാവൂ എന്ന് ശക്തമായി അഭിപ്രായപ്പെട്ടു. ഇക്കാര്യം നിർമാതാക്കളായ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ പ്രതിനിധികളെ അറിയിച്ചു. ഇതേത്തുടർന്ന് അവർ സിബിഎഫ്സി ഉദ്യോഗസ്ഥനും വിവിധ മേഖലകളിൽനിന്നുള്ള ഒൻപത് അംഗങ്ങളും ഉൾപ്പെടുന്ന റിവൈസിങ് കമ്മിറ്റി സിനിമകണ്ട് പുനർ വിലയിരുത്തൽ നടത്താൻ നിർബന്ധിച്ചു. ഇതുപ്രകാരം റിവൈസിങ് കമ്മിറ്റി സിനിമ കണ്ടപ്പോൾ സിനിമയിൽ അക്രമാസക്തമായ രംഗങ്ങൾ കൂടുതലാണെന്നും മുതിർന്നവർക്കു മാത്രമേ കാണാനാവുകയുള്ളൂവെന്നും അഭിപ്രായപ്പെടുകയായിരുന്നു. ഇരുസമിതികളും ഒരേവിലയിരുത്തൽ നടത്തിയതിനാൽ ‘എ’സർട്ടിഫിക്കറ്റ് നൽകാൻ അന്തിമമായി തീരുമാനിച്ചു. നിർമാതാക്കൾ ഇതംഗീകരിക്കുകയും ഓഗസ്റ്റ് 14-ന് സിനിമ റിലീസ് ചെയ്യുകയുംചെയ്തു.

സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ചർച്ചയായതിന് പിന്നാലെ കൂലിക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടയില്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ രജനീകാന്ത് ചിത്രമാണ് കൂലി. കൂലിയില്‍ വയലന്‍സ് രംഗങ്ങളുണ്ടെങ്കിലും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ എല്ലാവരും ചോദ്യം ചെയ്തിരുന്നു. കെജിഎഫ് ഫ്രൈഞ്ചൈസ് പോലുള്ള വയലന്‍സ് അധികമുള്ള സിനിമകള്‍ക്ക് പോലും സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

ലോകേഷ് ചിത്രം കൂലി എ സര്‍ട്ടിഫിക്കറ്റ് അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് നിര്‍മാതാവ് എല്‍റെഡ് കുമാര്‍ കഴിഞ്ഞ ദിവസം എക്‌സില്‍ പ്രതികരണം അറിയിച്ചിരുന്നു. കൂടുതല്‍ വയലന്‍സുള്ള മറ്റ് ഭാഷാ ചിത്രങ്ങള്‍ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമ്പോള്‍ കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തമിഴ് സിനിമാ ലോകം ഇതിനെതിരെ രംഗത്തെത്തണമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം കൂലി ആഗോള ബോക്‌സ് ഓഫീസില്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ലോകേഷ് സംവിധാനം ചെയ്ത കൂലി കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സാണ് നിര്‍മിച്ചത്. രജനീകാന്തിന് പുറമെ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, ആമിര്‍ ഖാന്‍ എന്നിവരും പ്രധാന റോളുകള്‍ ചെയ്തു.