
മലയാളത്തിൽ അരങ്ങേറ്റത്തിനൊരുങ്ങി മഹാകുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്ലെ. കൈലാഷിനെ നായകനാക്കി പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മൊണാലിസ മലയാളത്തിലെത്തുന്നത്. “നാഗമ്മ”എന്നാണ് ചിത്രത്തിന്റെ പേര്.
ശങ്കർ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജീലി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.
ഇൻഡോർ സ്വദേശിനിയായ മൊണാലിസ, ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേളയ്ക്കിടെയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.=മൊണാലിസയുടെ വിവിധ റീലുകൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതോടെ മോഡലിങ് രംഗത്ത് സജീവമായ മൊണാലിസയെ തേടി നിരവധി സിനിമാക്കാർ എത്തുകയുണ്ടായി. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ് ഡയറി ഓഫ് മണിപ്പൂർ’ എന്ന ബോളിവുഡ് ചിത്രത്തിലും മൊണാലിസ നായികയായി അഭിനയിക്കുന്നുണ്ട്.