
താൻ ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നുവെന്നും, ഭാര്യയും മകളുമെല്ലാം ഉപേക്ഷിച്ചപ്പോൾ, ഒറ്റപ്പെട്ടെന്ന് തോന്നിയപ്പോൾ സ്വയം ഗാന്ധിഭവനിലേക്ക് വരികയായിരുന്നെന്നും തുറന്നു പറഞ്ഞ് നടൻ കൊല്ലം തുളസി. കൂടാതെ മകളോ മരുമകനോ വിളിക്കുകപോലും ചെയ്യില്ലെന്നും അവർക്കെല്ലാം താൻ വെറുക്കപ്പെട്ടവനാണെന്നും അദ്ദേഹം വൈകാരികമായി കൂട്ടിച്ചേർത്തു. ഗാന്ധിഭവനിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
“ഒരിക്കൽ ഞാൻ ഗാന്ധിഭവനിലെ ഒരു അന്തേവാസി ആയിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോൾ സ്വയം ഒരു ആറു മാസം ഇവിടെ വന്നുകിടന്നു ഞാൻ. എന്റെ കൂടെ അഭിനയിച്ചിരുന്ന ഒരു വലിയ നാടക നടിയും ഇവിടെ ഉണ്ട്, ലൗലി. ഒരുപാടു നാടകങ്ങളിൽ അഭിനയിച്ച നടിയാണ്. സ്റ്റേറ്റ് അവാർഡ് വാങ്ങിയിട്ടുണ്ട്. ഇപ്പോൾ അവർക്ക് ആരുമില്ല”. കൊല്ലം തുളസി പറഞ്ഞു.
“ഭാര്യയും മകളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോൾ, അവർ തിരസ്കരിച്ചപ്പോൾ ഒറ്റപ്പെട്ട സമയത്താണ് ഞാൻ ഇവിടെ അഭയം തേടിയത്. ഞാൻ ഓമനിച്ചു വളർത്തിയ മകൾ പോലും ഇന്ന് എനിക്ക് അന്യയാണ്. അവൾ വലിയ എൻജിനിയർ ആണ്. മരുമകൻ ഡോക്ടറാണ്. അവർ ഓസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. ഫോണിൽ വിളിക്കുകപോലും ഇല്ല. അവർക്ക് ഞാൻ വെറുക്കപ്പെട്ടവനാണ്. ഒരു പിടി നമ്മുടെ കയ്യിൽ വേണം. ഏതു സമയത്താണ് എന്താണ് സംഭവിക്കുക എന്ന് അറിയില്ല. ഇത് നമുക്കെല്ലാം ഒരു പാഠമാണ്.” കൊല്ലം തുളസി കൂട്ടിച്ചേർത്തു.